നന്മയുള്ള ക്രിസ്മസ് സമ്മാനം; ഭവനരഹിതരായ ദമ്പതികൾക്ക് വീടൊരുക്കി സുമനസ്സുകൾ

പീച്ചി : പൗലോസിനും, ഭാര്യ ശ്യാമളക്കും ഈ ക്രിസ്മസ് എന്നും ഓർമ്മയിലുണ്ടാവും. വർഷങ്ങളായി വീടില്ലാതിരുന്ന ഇവർ സ്വന്തം വീട്ടിലാണ് ഇത്തവണത്തെ ക്രിസ്മസ് ആഘോഷിച്ചത്. സ്വന്തമായി ഭൂമിയില്ലാത്ത ഭവനരഹിതർക്ക് വീട് വച്ചു നൽകുന്നതിനായി ലൈഫ് മിഷനും, മനസോടിത്തിരി മണ്ണ് എന്ന ക്യാമ്പയിനും സംയുക്തമായാണ് മയിലാടുംപാറ പൂളച്ചോട് നെല്ലിമൂട്ടിൽ പൗലോസിനും ഭാര്യക്കും ക്രിസ്മസ് സമ്മാനമായി പുതുവീട് വച്ചു നൽകിയത്.

കുറേ വർഷങ്ങളായി ടാപ്പിങ് ജോലി ചെയ്യുന്ന റബ്ബർ തോട്ടത്തിൽ ഷീറ്റ് വലിച്ചുകെട്ടിയായിരുന്നു ദമ്പതികൾ കഴിഞ്ഞിരുന്നത്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ടിരുന്നെങ്കിലും സ്വന്തമായി ഭൂമി ഇല്ലാത്തതിനാൽ വീട് നിർമാണം മുന്നോട്ടു പോയിരുന്നില്ല.

ഇരുവരും ജോലി ചെയ്യുന്ന തോട്ടത്തിന്റെ ഉടമ മാത്തുപാറ ബേബി 3 സെന്റ് പദ്ധതിയിലേക്ക് നൽകിയതോടെ ഏറെ നാളായുള്ള ആഗ്രഹത്തിന് വീണ്ടും തിരിതെളിഞ്ഞു.4 ലക്ഷം രൂപ മുടക്കി വീട് നിർമാണം വളരെ വേഗം പൂർത്തിയാക്കി. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി രവീന്ദ്രനാണ് ദമ്പതികൾക്ക് പുതിയ വീടിന്റെ താക്കോൽ സമ്മാനിച്ചത്.