മരച്ചുവട് ക്ലാസ് മുറിയാക്കി ഒരു കാക്കി മാഷ്
ഉത്തർ പ്രദേശ്: സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന വിദ്യാഭ്യാസം നേടുന്നതിന് അവസരമില്ലാത്ത ഒരു കൂട്ടം കുട്ടികൾക്ക് യൂണിഫോമിലിരുന്ന് അക്ഷരം പറഞ്ഞുകൊടുക്കുന്ന പോലീസുകാരന്‍. ഉത്തർ പ്രദേശിലെ അയോദ്ധ്യയിൽ നിന്നാണ് ഈ മനോഹരമായ കാഴ്ച. 2015 ബാച്ച് സബ് ഇൻസ്പെക്ടറായ രഞ്ജിത് യാദവാണ് ഭിക്ഷാടകരുടെ മക്കൾ ഉൾപ്പെടെയുള്ളവർക്ക് അറിവ് പകരുന്നത്. രഞ്ജിത് ‘വർദി വാലെ ഗുരുജി’ അല്ലെങ്കിൽ കാക്കി ധരിച്ച അധ്യാപകൻ എന്നാണ് അറിയപ്പെടുന്നത്. ഹിന്ദി, ഇംഗ്ലീഷ്, ഗണിതശാസ്ത്രം എന്നിവയുടെ അടിസ്ഥാനങ്ങളാണ് രഞ്ജിത്ത് കുട്ടികളെ പഠിപ്പിക്കുന്നത്. രഞ്ജിത്തിന്‍റെയും കുട്ടികളുടെയും ക്ലാസ് മുറി മരച്ചുവടാണ്.
അയോധ്യ റേഞ്ചിലെ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലിന്‍റെ (ഡിഐജി) ഓഫീസിലാണ് രഞ്ജിത്ത് ജോലി ചെയ്യുന്നത്. ഡ്യൂട്ടിയിലില്ലാത്തപ്പോൾ രഞ്ജിത്ത് കുട്ടികൾക്ക് കാക്കിയിട്ട മാഷായി മാറും. രഞ്ജിത്തിന്‍റെ അടുത്ത് പഠിക്കാൻ വരുന്ന കുട്ടികളിൽ ഭൂരിഭാഗവും യാചകരുടെ മക്കളാണ്. ചിലരാകട്ടെ അനാഥരും. ‘അപ്നാ സ്കൂൾ’ (നമ്മുടെ സ്കൂൾ) എന്നാണ് രഞ്ജിത്തിന്‍റെ ഈ ഉദ്യമത്തിന്റെ പേര്. ‘ആദ്യം എനിക്ക് സാറിനെ പേടിയായിരുന്നു. അടി കിട്ടുമോ എന്ന ഭയം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ക്ലാസ്സിൽ പോകുന്നത് രസകരമാണ്’, അപ്ന സ്കൂളിലെ വിദ്യാർത്ഥികളിൽ ഒരാളായ മെഹക് പറഞ്ഞു. മെഹക്കിന് 12 വയസ്സാണ് പ്രായം. മാതാപിതാക്കളെ നഷ്ടപ്പെട്ട മെഹക് അകന്ന ബന്ധുക്കളോടൊപ്പമാണ് താമസിക്കുന്നത്. അക്ഷരങ്ങളും അക്കങ്ങളും തിരിച്ചറിയാൻ പഠിച്ച മെഹകിന് ഇപ്പോൾ ചെറിയ കണക്കുകൂട്ടലും വഴങ്ങുന്നുണ്ട്.
മുൻപ് നയാഘട്ടിലെ ഒരു പോലീസ് പോസ്റ്റിൽ ജോലി ചെയ്തിരുന്ന സമയത്താണ് രഞ്ജിത്ത് പഠിപ്പിക്കാൻ തുടങ്ങിയത്. നിരവധി കുട്ടികൾ അവരുടെ മാതാപിതാക്കൾക്കൊപ്പം ഭിക്ഷ യാചിക്കുന്നത് കണ്ടതിനെ തുടർന്നായിരുന്നു ഇത്. യാചകർ താമസിക്കുന്ന ഖുർജ കുണ്ഡ് പ്രദേശത്ത് നിന്നാണ് ഈ കുട്ടികൾ വരുന്നതെന്നും രഞ്ജിത്ത് അറിഞ്ഞു. ‘ഈ കുട്ടികളെ കണ്ടതിനുശേഷം, അവർക്കായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചു. അപ്പോഴാണ് അത്തരം കുട്ടികൾക്ക് ക്ലാസുകൾ ആരംഭിക്കുന്നതിനെക്കുറിച്ച് എന്‍റെ മനസ്സിൽ തോന്നിയത്’, രഞ്ജിത്ത് പറഞ്ഞു. തുടർന്ന് അദ്ദേഹം കുട്ടികളുടെ മാതാപിതാക്കളെ വിളിച്ച് ക്ലാസുകൾ ആരംഭിച്ചാൽ അവരെ അയക്കുമോ എന്ന് ചോദിച്ചു. ആദ്യം അവർക്ക് വലിയ താൽപ്പര്യമില്ലായിരുന്നു, പക്ഷേ പിന്നീട് സമ്മതിച്ചു. 2021 സെപ്റ്റംബറിലാണ് രഞ്ജിത്ത് ക്ലാസുകൾ ആരംഭിച്ചത്.