പതിവായി സ്‌കൂളില്‍ പോകാത്ത 32 കുട്ടികൾക്ക് രക്ഷിതാവായി ഒരു പഞ്ചായത്ത്
കൊല്ലം: സ്ഥിരമായി സ്കൂളിൽ പോകാത്തതും പോയാൽ പോലും പഠിക്കാത്തതുമായ 32 പാവപ്പെട്ട പട്ടികജാതി കുട്ടികളുടെ രക്ഷിതാവിന്റെ ചുമതല ഏറ്റെടുത്തിരിക്കുകയാണ് ഒരു പഞ്ചായത്ത്.
ഇലഞ്ഞിക്കോട്, എടക്കാടം പട്ടികജാതി കോളനിയിലെ 32 കുട്ടികളുടെയും രക്ഷകർതൃത്വം ഇനി മുതൽ എഴുകോൺ ഗ്രാമപഞ്ചായത്തിനായിരിക്കും.
രണ്ട് കോളനികളിലും പഞ്ചായത്ത് പ്രത്യേക അധ്യാപക രക്ഷാകർതൃ സമിതിക്ക് രൂപം നൽകുകയും കുട്ടികളുടെ ഹാജർ നില പ്രോഗ്രസ് റിപ്പോർട്ട് എന്നിവ ഉത്തരവാദിത്തോടെ നിരീക്ഷിക്കുകയും ചെയ്യും. വിജയദശമി ദിനത്തിൽ ഇലഞ്ഞിക്കോട് കോളനിയിൽ പഞ്ചായത്ത് സംഘടിപ്പിച്ച വിദ്യാരംഭം പരിപാടിക്കിടയിലാണ് കോളനിയിലെ കുട്ടികളാരും സ്ഥിരമായി സ്കൂളിൽ പോകുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് രതീഷ് കിളിത്തട്ടിൽ തിരിച്ചറിയുന്നത്. ഏറ്റവും ദുർബലമായ വിഭാഗത്തിൽപ്പെട്ട ആളുകൾ താമസിക്കുന്ന കോളനികളിലെ വിവര ശേഖരണത്തിനായി എസ്.സി. പ്രൊമോട്ടർമാരെയും ചുമതലപ്പെടുത്തിയിരുന്നു.
32 കുട്ടികളിൽ 18 പേർ ഓണാവധി കഴിഞ്ഞിട്ടും സ്കൂളിൽ പോയിട്ടില്ലെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടാണ് പ്രൊമോട്ടർമാർ കൈമാറിയത്. സ്ഥിരമായി സ്കൂളിൽ പോകുന്നവരായി ആരുമില്ല. പഠനത്തിന്‍റെ 90 ശതമാനവും വളരെ മോശമാണ്. പഠനത്തിന്‍റെ ഗുണനിലവാരത്തിൽ ശരാശരിയിൽ കൂടുതൽ ആരുമില്ല. ഈ ദയനീയ സാഹചര്യം കണ്ടാണ് പഞ്ചായത്ത് ‘കരവലയം-2023’ എന്ന പദ്ധതിക്ക് രൂപം നൽകിയത്. സ്പെഷ്യൽ പി.ടി.എ.യുടെ പ്രസിഡന്‍റാണ് പഞ്ചായത്ത് പ്രസിഡന്‍റ്. അതത് വാർഡ് മെമ്പർമാരും അധ്യാപകരും അംഗങ്ങളായിരിക്കും.