കടിക്കാൻ ആഞ്ഞ പാമ്പിൽ നിന്നും യജമാനനെ സംരക്ഷിച്ച് വളർത്തു നായ

ചിലപ്പോൾ മൃഗങ്ങൾ മനുഷ്യരെക്കാൾ ഔചിത്യത്തോടെ പെരുമാറുന്ന അവസരങ്ങളുണ്ടാവാറുണ്ട്.രണ്ടാമതൊന്ന് ചിന്തിക്കാതെ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കാൻ മടിയില്ലെന്ന് തെളിയിക്കുകയാണ് ഒരു നായ. ഉടമയെ കടിക്കാനെത്തിയ പാമ്പിനെ കടിച്ചു കൊന്ന ജൂലി എന്ന നായയുടെ സ്നേഹത്തെ വാഴ്ത്തുകയാണ് സമൂഹമാധ്യമങ്ങൾ.

ഉത്തർപ്രദേശിലെ മിർസാപൂർ ജില്ലയിലെ ടിൽതി ഗ്രാമത്തിലായിരുന്നു സംഭവം.വളർത്തു നായയോടൊപ്പം വീട്ടുമുറ്റത്ത് വിശ്രമിക്കുകയായിരുന്നു ഉടമസ്ഥൻ.ഇതിനിടയിലാണ് തന്റെ യജമാനന്റെ നേർക്ക് ഇഴഞ്ഞു വരുന്ന പാമ്പിനെ ജൂലി ശ്രദ്ധിക്കുന്നത്. കൊത്താനായി പത്തി വിടർത്തിയ പാമ്പിന്റെ മേലേക്ക് ജൂലി കുരച്ചു കൊണ്ട് ചാടി വീഴുകയും, പാമ്പിനെ കടിച്ചെടുത്ത് നിലത്തടിക്കുകയും ചെയ്തു. പാമ്പ് ചത്തു എന്നുറപ്പ് വരുത്തിയെന്നുറപ്പ് വരുത്തിയതിന് ശേഷമാണ് ജൂലി പിന്മാറിയത്.

ജൂലി പാമ്പിനു മേൽ ചാടി വീണപ്പോൾ മാത്രമാണ് തന്റെ പിന്നിലുണ്ടായിരുന്ന പാമ്പിനെ ഉടമസ്ഥൻ ശ്രദ്ധിക്കുന്നത്. പാമ്പിനെ നേരിടുന്നതിനിടയിൽ ജൂലിക്ക് കടിയേൽക്കുമോയെന്ന് ഭയന്നെങ്കിലും അവൾക്ക് ഒരു പോറൽ പോലും ഏറ്റില്ലെന്ന് ഉടമസ്ഥൻ പറയുന്നു. ജീവൻ പണയം വച്ച് യജമാനനെ സംരക്ഷിച്ച ജൂലിയെക്കുറിച്ച് വാചാലനാവുകയാണ് അദ്ദേഹം. ദൃക്സാക്ഷിയായ അയൽവാസി പാൽതു എന്ന വ്യക്തിയാണ് ഈ കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വെച്ചത്.