ചാലിയാര്‍ ഇക്കോ ടൂറിസം പദ്ധതിക്ക് ഭരണാനുമതി
കോഴിക്കോട്: പെരുമണ്ണയിലെ ചാലിയാർ ഇക്കോടൂറിസം പദ്ധതിക്ക് ഒരു കോടി രൂപയുടെ ഭരണാനുമതി. സംസ്ഥാന സർക്കാരിൻ്റെ ‘ഡെസ്റ്റിനേഷൻ ചലഞ്ചി’നു കീഴിലാണ് പദ്ധതി നടപ്പാക്കുക. ടൂറിസം വികസനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കി നടപ്പാക്കുന്ന ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിലേക്ക് പെരുമണ്ണ ഗ്രാമപ്പഞ്ചായത്ത് നൽകിയ ‘ചാലിയാർ ഇക്കോ ടൂറിസം’ പദ്ധതിയുടെ രൂപകൽപ്പനയ്ക്ക് അംഗീകാരം നൽകിയതിനെ തുടർന്നാണ് നടപടി.
വിനോദസഞ്ചാരവകുപ്പും പെരുമണ്ണ ഗ്രാമപഞ്ചായത്തും സംയുക്തമായിയാണ് പദ്ധതിക്കായുള്ള ഫണ്ട് വിനിയോഗം ചെയ്യുന്നത്. ഉത്തരവാദിത്ത ടൂറിസം പദ്ധതിയിലൂടെ ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന തരത്തിലാണ് ‘ചാലിയാർ ഇക്കോ ടൂറിസം’ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. .
പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ എട്ട് (പാറമ്മൽ), ഒമ്പത് (നേരടിക്കുന്ന്), പത്ത് (വെള്ളിക്കോട്) വാർഡുകൾ ചാലിയാർപുഴയോട് ചേർന്നാണ്. ഈ പ്രദേശങ്ങളിൽ ധാരാളം പുറമ്പോക്ക് ഭൂമികളുണ്ട് . ഇവ പദ്ധതിക്കായി ഉപയോഗിക്കാനും കഴിയും. നിർദ്ദിഷ്ട പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ദേശീയപാത മലപ്പുറം ജില്ലയിലെ വാഴയൂരിൽ നിന്ന് ചാലിയാർപുഴയിലൂടെ കടന്ന് പെരുമണ്ണ വഴി കോഴിക്കോടാണ് എത്തിച്ചേരുന്നത്.