പുഴയിൽ കാണാതായെന്ന് കരുതി;40 വർഷങ്ങൾക്ക് ശേഷം അമ്മക്കരികിലെത്തി മക്കൾ
കരിമണ്ണൂർ: 40 വർഷം മുമ്പ് തഞ്ചാവൂരിൽ നിന്ന് കാണാതായ അമ്മയെ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് മക്കൾ. സാമൂഹ്യക്ഷേമ വകുപ്പിന്‍റെ പ്രത്യാശ പദ്ധതിയാണ് അമ്മയും മക്കളും തമ്മിലുള്ള പുനഃസമാഗമത്തിന് വഴിയൊരുക്കിയത്.80കാരിയായ അമ്മയെ ഇടുക്കി കരികണ്ണൂരിലെ വൃദ്ധസദനത്തിൽ നിന്നും മക്കൾ കണ്ടെത്തുകയായിരുന്നു. അമ്മയെ പുഴയിൽ വീണ് കാണാതായെന്ന ധാരണയിലായിരുന്നു ഇത്രയും നാൾ എന്ന് മകൻ കല്ലൈമൂർത്തി പറഞ്ഞു.
40 വർഷം മുൻപാണ് മാരിയമ്മ ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് മക്കളെ ഉപേക്ഷിച്ച് വീടുവിട്ടിറങ്ങിയത്. ഇതിനിടയിൽ ഭർത്താവും രണ്ടു മക്കളും മരിച്ച വിവരം മാരിയമ്മ അറിഞ്ഞതുമില്ല.
കരിമണ്ണൂരിൽ അവശനിലയിൽ കണ്ടെത്തിയ മാരിയമ്മയെ മൂന്ന് വർഷം മുൻപാണ് പൊലീസ് വൃദ്ധസദനത്തിലെത്തിക്കുന്നത്. പിന്നീട് സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ എത്തി മാരിയമ്മയോട് തമിഴിൽ സംസാരിച്ച് കാര്യങ്ങൾ മനസ്സിലാക്കുകയായിരുന്നുവെന്ന് വൃദ്ധസദനം സൂപ്രണ്ട് ജോസഫ് അഗസ്റ്റിൻ പറഞ്ഞു.