ചികിത്സ കഴിഞ്ഞു, സദ്ദാം പറന്നു; പക്ഷികൾക്കായി ഖത്തറിലുണ്ട് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി

തലയ്ക്ക് പരിക്കേറ്റതിനാണ് സദ്ദാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എക്സ്-റേകൾ, സ്കാനിങ്, രക്ത പരിശോധനകൾ തുടങ്ങി ഒരു ചെറിയ ശസ്ത്രക്രിയ, പിന്നെ കുറച്ച് മരുന്നുകൾ. അങ്ങനെ രണ്ടു ദിവസത്തിനുള്ളിൽ സദ്ദാം പറന്നു.

ഇതെന്തൊരു മരുന്നാണെന്ന് ആശ്ചര്യപ്പെടരുത്. സദ്ദാം ഒരു മനുഷ്യനല്ല, സുന്ദരനായ ഒരു പരുന്താണ്. അറബ് പാരമ്പര്യത്തിന്‍റെയും പൈതൃകത്തിന്‍റെയും പ്രതീകമായ നിരവധി പക്ഷികളിൽ ഒന്ന്!

നിങ്ങൾ ഖത്തറിൽ എവിടെ പോയാലും, പ്രാപ്പിടിയന്മാരുടെ ചിത്രങ്ങളും ചെറുമാതൃകകളും കാണാം. അവയ്ക്കായി ഒരു ഹോസ്പിറ്റലും ഉണ്ട്. ഖത്തറിലെ ഒരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയാണ് സൂഖ് വാഖിഫ് ഫാൽക്കൺ ഹോസ്പിറ്റൽ. മലപ്പുറം മക്കരപ്പറമ്പ് സ്വദേശിയായ പ്രസൂൺ റഹീം ഫാൽക്കൺ ആശുപത്രിയിലെ ലബോറട്ടറി സ്പെഷ്യലിസ്റ്റ് ആണ്. ഡോക്ടർമാരും നഴ്സുമാരും ലബോറട്ടറി അസിസ്റ്റന്റുമാരുമായി ഫാൽക്കൺ ആശുപത്രിയിൽ ഒട്ടേറെ മലയാളികളും ഉണ്ട്.