പ്രായം വെറും അക്കങ്ങൾ! ഭരതനാട്യം അരങ്ങേറ്റത്തിന് ഗൗരിയമ്മയും, അമ്മുക്കുട്ടിയമ്മയും

തൃശൂർ : അറുപത് വയസ്സ് കഴിഞ്ഞാൽ പിന്നെ വിശ്രമ ജീവിതത്തിനുള്ള സമയമായെന്ന് പറയുന്നവർക്ക് ഗൗരിയമ്മയും, അമ്മുക്കുട്ടിയമ്മയും ഒരു പാഠമാണ്. ഭരതനാട്യം പഠിച്ച് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ഇരുവരും.

നൃത്തം പഠിക്കുക എന്നത് കുട്ടിക്കാലം മുതലുള്ള ആഗ്രഹമാണെങ്കിലും സാധിച്ചിരുന്നില്ല. റിട്ട. അധ്യാപികയായ 68 വയസ്സുള്ള കിള്ളിമംഗലം കിഴക്കേപ്പാട്ട് വാര്യത്തിൽ ഗൗരി പരമേശ്വരനും, 61കാരിയും തൊഴിലുറപ്പ് തൊഴിലാളിയുമായ ഊരമ്പത്ത് അമ്മുക്കുട്ടിയും കഠിന പ്രയത്നത്തിലൂടെയാണ് ഭരതനാട്യം പഠിച്ചെടുത്തത്. പളുങ്കിൽ ശിവനാരായണ ക്ഷേത്രത്തിലെ കൈകൊട്ടിക്കളി സംഘത്തിൽ അംഗങ്ങളായത് കുട്ടിക്കാലത്തെ സ്വപ്നത്തിന് വീണ്ടും പ്രചോദനം ആവുകയായിരുന്നു.

2017 മുതൽ ശ്രീവിജയ നൃത്ത കലാക്ഷേത്രത്തിൽ സുമ മനോജിന് കീഴിൽ ഇരുവരും നൃത്തം അഭ്യസിക്കുന്നു. ഈ മാസം 28 ന് ഗുരുവായൂർ മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ മക്കളും, പേരക്കുട്ടികളുമടങ്ങുന്ന സദസ്സിന് മുന്നിൽ ഇരുവരും അരങ്ങേറ്റം കുറിക്കും.