സ്വപ്നങ്ങൾക്ക് പ്രായം ഒരു പരിധിയല്ല; 13,000 കി.മി യാത്ര ചെയ്ത് അറുപത് പിന്നിട്ട രണ്ട് ദമ്പതിമാർ
കോഴിക്കോട്: ‘എയ്ജ് ഈസ് നോട്ട് എ ലിമിറ്റ് ഫോർ തോട്സ് ആൻഡ് ഡ്രീംസ്’ 60 വയസ്സുള്ള രണ്ട് ദമ്പതികൾ യാത്ര പുറപ്പെട്ട കാറിന് മുന്നിൽ എഴുതിവെച്ച വാക്കുകളാണിത്. റിട്ടയർമെന്റ് ജീവിതം ആഘോഷമാക്കുക എന്നതിനപ്പുറത്തേക്ക് ചിന്തകൾക്കും സ്വപ്നങ്ങൾക്കും പ്രായം ഒരു പരിധിയല്ല എന്ന് തെളിയിക്കാനുള്ള യാത്രയായിരുന്നു അത്. 44 ദിവസം നീണ്ട യാത്രയിൽ 13,000 കിലോമീറ്ററിലധികം സഞ്ചരിച്ചു.
കോഴിക്കോട് കല്ലാനോട് സ്വദേശിയായ പന്തപ്ലാക്കൽ തോമസ് ചെറിയാൻ (66), ഭാര്യ പശുക്കടവ് ലിറ്റിൽഫ്ലവർ യു.പി. സ്കൂളിലെ റിട്ടയേർഡ് അധ്യാപിക എ.ജെ.സെലീന (62), കല്ലാനോട് സെന്‍റ് മേരീസ് എൽ.പി.എസ് റിട്ട.ഹെഡ്മാസ്റ്റർ കെ.എ.ചാക്കോച്ചൻ (62), ഭാര്യ സെന്‍റ് മേരീസ് ഹൈസ്കൂളിലെ റിട്ടയേർഡ് അധ്യാപിക ഇ.എം.അന്നമ്മ (60) എന്നിവരായിരുന്നു സഞ്ചാരികൾ.
ഓഗസ്റ്റ് 28ന് കല്ലാനോട് നിന്നാണ് യാത്ര ആരംഭിച്ചത്. ബെംഗളൂരുവിലേക്കായിരുന്നു ആദ്യ യാത്ര. തുടർന്ന് ഹൈദരാബാദ്, നിസാമാബാദ്, ലക്നൗ, ഡൽഹി, ജമ്മു, കാർഗിൽ, പോർബന്തർ, മുംബൈ, ഗോവ, മംഗലാപുരം വഴി തിരികെ കോഴിക്കോട്ടെത്തി. സംഘത്തിലെ സീനിയറായ തോമസ് ഒറ്റയ്ക്കാണ് കാർ ഓടിച്ചത്. പെട്രോളിന് ഏകദേശം 70,000 രൂപയ്ക്കടുത്ത് ചിലവായി. ദിവസവും 300 മുതൽ 350 കിലോമീറ്റർ വരെയായിരുന്നു സഞ്ചാരം.