ജീവനക്കാരോട് മോശം പെരുമാറ്റമുണ്ടായാൽ ഇരട്ടി ബിൽ ഈടാക്കുന്ന ഇംഗ്ലണ്ട് കഫേ

പൊതുസ്ഥലങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും അവിടെയുള്ള ജീവനക്കാരോട് മോശമായി പെരുമാറുന്ന നിരവധിയാളുകളെ നമ്മൾ കാണാറുണ്ട്. എന്നാൽ ഇംഗ്ലണ്ടിൽ ഒരു ഇന്ത്യക്കാരൻ നടത്തുന്ന കഫേയിൽ ഇത്തരം പെരുമാറ്റമുണ്ടായാൽ ചായക്ക് ഇരട്ടി ബിൽ നൽകേണ്ടി വരും.

ഉസ്മാൻ ഹുസൈൻ എന്ന ഇന്ത്യക്കാരൻ നടത്തുന്ന ‘ചായ് സ്റ്റോപ്പ്’എന്ന് പേരിട്ടിരിക്കുന്ന കഫേ പ്രെസ്റ്റണിലാണ് സ്ഥിതി ചെയ്യുന്നത്. ഉപഭോക്താക്കൾ ജീവനക്കാരോട് എങ്ങനെ പെരുമാറുന്നു എന്നതനുസരിച്ചാണ് കഫേയിൽ ബിൽ അടിക്കുന്നത്. ജീവനക്കാരോട് ദേഷ്യപ്പെടുകയോ,മോശമായി പെരുമാറുകയോ ചെയ്‌താൽ കഴിച്ചതിന്റെ ഇരട്ടി തുക ഉപഭോക്താവിന്റെ പോക്കറ്റിൽ നിന്ന് പോകുമെന്ന് സാരം.

ചായ, ഡോണട്ട്, സ്ട്രീറ്റ് ഫുഡ്‌ എന്നിവയെല്ലാം ഉസ്മാൻ ഹുസൈന്റെ ചായ് സ്റ്റോപ്പിൽ ലഭ്യമാണ്. താൻ നടപ്പിലാക്കിയ പുതിയ നിയമത്തിലൂടെ കഫേയിൽ ഉപഭോക്താക്കളും, ജീവനക്കാരും തമ്മിൽ മികച്ച അന്തരീക്ഷം സൃഷ്ടിക്കപ്പെടുമെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.