കോടതി വിധിയും താണ്ടി ഒരു അവയവദാനം; പിതാവിന് കരൾ പകുത്ത് നൽകാൻ ദേവനന്ദ

പിതാവിന് വേണ്ടി കോടതിയെ സമീപിച്ച ദേവനന്ദയെ തേടി അനുകൂല വിധി വന്നു. കരൾ രോഗബാധിതനായ പിതാവിന് 17 വയസ്സുള്ള ദേവനന്ദ കരൾ പകുത്ത് നൽകും. തൃശൂർ കോലഴിയിൽ പി.ജി പ്രതീക്ഷിന് കരൾ പകുത്ത് നൽകാൻ മകൾ ദേവനന്ദയെ അനുവദിച്ചുകൊണ്ടുള്ള കോടതിവിധി കഴിഞ്ഞ ദിവസമാണ് വന്നത്.

ഗുരുതരരോഗത്തിന് കരൾ മാറ്റിവക്കുക മാത്രമാണ് പ്രതിവിധി എന്ന ഡോക്ടർമാരുടെ നിർദേശപ്രകാരം കുടുംബാംഗങ്ങളടക്കം മുന്നോട്ടു വന്നെങ്കിലും അവയൊന്നും ചേരുന്നതായിരുന്നില്ല. മകൾ ദേവനന്ദയുടെ കരൾ അനുയോജ്യമാണെന്ന് കണ്ടെത്തിയെങ്കിലും പ്രായപൂർത്തിയായിട്ടില്ല എന്നതാണ് പ്രതിസന്ധിയായത്. കുട്ടിയിൽ നിന്നും അവയവം സ്വീകരിക്കുന്നതിലുള്ള നിയമതടസ്സങ്ങൾക്കെതിരെ ദേവനന്ദ ഹർജി നൽകുകയായിരുന്നു.

പ്രത്യേക ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ സഹായത്തോടെ സ്വന്തം ഇഷ്ടപ്രകാരമാണ് കുട്ടി അവയവ ദാനത്തിനൊരുങ്ങുന്നതെന്നും,18 തികയാൻ 5 മാസം വേണമെന്ന കാരണത്താൽ അവയവദാനം നിക്ഷേധിക്കരുതെന്നും കോടതി വിധിച്ചു. ജീവന്റെ ഒരു ഭാഗം തന്നെ പിതാവിന് പകുത്ത് നൽകാൻ സന്നദ്ധത കാണിച്ച ദേവനന്ദയെ കോടതി അഭിനന്ദിച്ചു.