മജിസ്‌ട്രേറ്റിനെ കടിച്ച പട്ടി മന്ത്രിയെ കടിച്ചാലെ കാര്യങ്ങള്‍ നടക്കൂവെന്ന് അങ്കമാലി അതിരൂപത

കൊച്ചി: തെരുവുനായ പ്രശ്നത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എറണാകുളം അങ്കമാലി അതിരൂപത. തെരുവ് നായ വിഷയത്തിൽ സർക്കാർ കാഴ്ചക്കാരായി മാറിയിരിക്കുകയാണെന്നാണ് എറണാകുളം അതിരൂപതയുടെ മുഖപത്രത്തിലെ ലേഖനത്തിൽ പറയുന്നത്. തുടൽ പൊട്ടിയ നായയും തുടലിൽ തുടരുന്ന സർക്കാരുമാണ് ഇപ്പോൾ കേരളത്തിലുള്ളത്. മജിസ്‌ട്രേറ്റിനെ കടിച്ച പട്ടി മന്ത്രിയെ കടിച്ചാലെ കാര്യങ്ങള്‍ നടക്കൂ എന്നാണ് അങ്കമാലി അതിരൂപതയുടെ മുഖപത്രത്തിൽ പറയുന്നത്.

നായയുടെ കടിയേറ്റ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തവർ മരിക്കുന്നത് ഗുരുതരമായ പ്രശ്നമാണ്. റാബിസ് വാക്സിന്‍റെ ഗുണനിലവാരം വിദഗ്ധ സമിതി പരിശോധിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല. സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ നടപടിയെടുക്കണമെന്നും ലേഖനത്തിൽ പറയുന്നു.

നായ്ക്കളെ കൊല്ലരുതെന്ന് പറയുന്നവർ അവയുടെ പരിപാലനം ഏറ്റെടുക്കുന്നില്ലെന്നും അതിരൂപത ലേഖനത്തിൽ ചൂണ്ടിക്കാട്ടി. അതേസമയം സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണം രൂക്ഷമാകുകയാണ്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ധാരാളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. തെരുവുനായയുടെ കടിയേറ്റും വാഹനത്തിന് കുറുകെ ചാടി അപകടത്തില്‍പ്പെട്ടും നിരവധിപ്പേരാണ് ആശുപത്രിയിലായത്. പ്രശ്നം രൂക്ഷമായതോടെ പേപിടിച്ച നായ്ക്കളെയും ആക്രമണകാരികളായ നായ്ക്കളെയും കൊല്ലാൻ അനുമതി തേടി സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.