ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹുസൈന്റെ കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു

കോഴിക്കോട്: തൃശൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മുക്കം സ്വദേശി ഹുസൈൻ കൽപൂരിന്റെ (32) കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഇതിൽ അഞ്ച് ലക്ഷം രൂപ നാളെ മന്ത്രി എ.കെ ശശീന്ദ്രൻ വീട്ടിലെത്തി നേരിട്ട് കൈമാറും. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറെയും രണ്ട് റേഞ്ച് ഓഫീസർമാരെയും ഹുസൈന്‍റെ മൃതദേഹം അനുഗമിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

തൃശ്ശൂർ പാലപ്പിള്ളി കല്ലായിയിൽ തുരത്താൻ ശ്രമിക്കുന്നതിനിടെ കാട്ടാന തുമ്പിക്കൈകൊണ്ട് ഹുസൈനെ അടിച്ചുവീഴ്ത്തുകയായിരുന്നു. സെപ്റ്റംബർ നാലിന് ഉച്ചയോടെയാണ് ഹുസൈനെ കാട്ടാന ആക്രമിച്ചത്. കാട്ടാനകളെ തുരത്താനുള്ള കുങ്കി ആനകളുടെ സംഘത്തിലായിരുന്നു ഹുസൈൻ.

വാരിയെല്ലുകൾ ഒടിഞ്ഞ് ശ്വാസകോശത്തിൽ തുളച്ചുകയറി. ശ്വാസകോശത്തിലെ അണുബാധയാണ് മരണകാരണം. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. അവിടെ വെച്ച് മരണം സംഭവിക്കുകയായിരുന്നു.