ലഹരി വിരുദ്ധ ക്യാമ്പയിൻ; ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ലഹരി ഉപയോഗത്തിനെതിരായ സംസ്ഥാന സർക്കാരിന്റെ പ്രചാരണ പ്രവ‍ർത്തനങ്ങള്‍ ഇന്ന് ആരംഭിക്കും. മുൻ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തെ തുടർന്ന് മെയ് രണ്ടിന് ആരംഭിക്കാനിരുന്ന പദ്ധതി മാറ്റിവയ്ക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം ഇന്ന് രാവിലെ 10 മണിക്ക് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിക്ടേഴ്സ് ചാനൽ വഴി പ്രദർശിപ്പിക്കും. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും. ഓരോ ജില്ലയിലും മന്ത്രിമാർ പങ്കെടുക്കുന്ന ലഹരി വിരുദ്ധ കാമ്പയിനുകൾ നടത്തും.

തിരുവനന്തപുരം എസ്.എം.വി സ്കൂളിൽ നടക്കുന്ന പരിപാടിയിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പങ്കെടുക്കും.  മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംസ്ഥാനതല സമിതി മുതൽ വാർഡ് തിരിച്ചുള്ള ജാഗ്രതാ സമിതികൾ വരെ രൂപീകരിച്ചിട്ടുണ്ട്. സ്കൂൾ തലത്തിലും ജാഗ്രതാ സമിതികൾ രൂപീകരിച്ചിട്ടുണ്ട്.

വിദ്യാർത്ഥികൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗം നിരീക്ഷിക്കാൻ അധ്യാപകർക്കും പരിശീലനം നൽകിയിട്ടുണ്ട്. മയക്കുമരുന്നിനെതിരെയുള്ള പോലീസിന്‍റെ യോദ്ധാവ് പദ്ധതിയും ഇന്ന് ഔദ്യോഗികമായി ആരംഭിക്കും. സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ വിവിധ അന്വേഷണ ഏജൻസികളും വകുപ്പുകളും പൊതുജനങ്ങളും സംയുക്ത പ്രചാരണ പ്രവ‍ർത്തനങ്ങള്‍ നടത്തുന്നുണ്ട്.