കെവിന്‍ വധക്കേസിലെ പ്രതി അതിസുരക്ഷാ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

തൃശ്ശൂര്‍: കെവിൻ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാൾ വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കേസിലെ പത്താം പ്രതി ടിറ്റു ജറോം (25) ആണ് ബ്ലേഡ് ഉപയോഗിച്ച് കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോയി.

പത്തനാപുരം സ്വദേശിയായ ടിറ്റു ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലായിരുന്നു. അവിടെ ജയിലില്‍ മദ്യപിച്ചതിനെത്തുടര്‍ന്ന് വിയ്യൂരിലെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അച്ചടക്കം ലംഘിച്ചതിനെത്തുടര്‍ന്നാണ് അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയത്. അതിസുരക്ഷാ ജയിലില്‍നിന്ന് പരോള്‍ കിട്ടി പുറത്തിറങ്ങി തിരിച്ചെത്തിയതിന്റെ രണ്ടാം ദിവസമാണ് കൈത്തണ്ട ബ്ലേഡുകൊണ്ട് മുറിച്ചത്.

ജയിൽ സ്റ്റോറില്‍ നിന്ന് ഷേവ് ചെയ്യാൻ വാങ്ങിയ ഡിസ്പോസിബിൾ ഷേവിംഗ് സെറ്റിൽ നിന്ന് ബ്ലേഡ് പൊട്ടിച്ചെടുത്താണ് കൈ മുറിച്ചത്. കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊലയായിരുന്നു കോട്ടയം സ്വദേശി കെവിൻ പി.ജോസഫിന്‍റെ. 2018 മെയ് 28നാണ് കെവിൻ കൊല്ലപ്പെട്ടത്. 14 പ്രതികളിൽ 10 പേർക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.