അവഗണിച്ചവർക്ക് മുന്നിൽ തല ഉയർത്തി അപ്പു! ബോഡി ബിൽഡിംഗ് മത്സര വേദിയിലെ അത്ഭുതം
മുഹമ്മ : സ്വപ്നങ്ങളെ പിന്തുടരാൻ ഇറങ്ങുമ്പോൾ അപ്പുവിന് തന്റെ പരിമിതികളൊന്നും ഒരു തടസ്സമേയല്ലായിരുന്നു. ജന്മനാ ഇരു കാലുകളും, കയ്യും ഇല്ലാത്ത ഈ 23കാരൻ മുഹമ്മയിൽ നടന്ന ബോഡി ബിൽഡിംഗ് മത്സരത്തിൽ കാഴ്ചക്കാരെ അമ്പരപ്പിച്ച് കൊണ്ട് വേദിയിലെത്തി. ആവേശത്തിൽ സദസ്സ് ഒന്നാകെ അപ്പുവിന് വേണ്ടി കയ്യടിച്ചു.
ഒരു കാലത്ത് അപ്പുവിനെയുമെടുത്ത് തടി പാലത്തിലൂടെ നടന്നുനീങ്ങുന്ന പിതാവ് പുഷ്കരന്റെയും, പിന്നാലെ കൃത്രിമക്കാലുമായെത്തുന്ന അമ്മ ശ്യാമളയുടെയും കാഴ്ച ഏതൊരാളുടെയും കരളലിയിപ്പിക്കുന്നതായിരുന്നു. എന്നാൽ ഇന്ന് അതെല്ലാം ഒരു ചെറുപുഞ്ചിരിയോടെയാണ് അപ്പു ഓർക്കുന്നത്.
അപ്പുവിന് ബോഡി ബിൽഡിംഗ് മേഖലയിൽ ഒന്നും ചെയ്യാനാവില്ലെന്ന് പറഞ്ഞ് പലരും ഒഴിവാക്കിയപ്പോൾ അമ്പലപ്പുഴയിലെ മുരളി ജിമ്മിൽ പരിശീലകനായ വിഷ്ണു ആണ് അവന് വേണ്ട പരിശീലനങ്ങൾ നൽകാൻ മുന്നോട്ടു വന്നത്. തിരിച്ചയച്ചവർക്ക് മുന്നിൽ തോറ്റു തലകുനിക്കാൻ തയ്യാറല്ലെന്ന വാശിയോടെ രണ്ട് വർഷം മുൻപാണ് അപ്പു പരിശീലനം ആരംഭിക്കുന്നത്. അമ്പലപ്പുഴ ഗവ. കോളേജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദവും നേടി. അമ്പലപ്പുഴ മോഡൽ ഗേൾസ് സ്കൂളിൽ തൂപ്പുജോലിയിലൂടെ ലഭിക്കുന്ന തുച്ഛമായ വരുമാനം കൂട്ടിവച്ച് മകന്റെ സ്വപ്നങ്ങൾക്ക് തണലായി അമ്മ ശ്യാമളയും കൂടെയുണ്ട്.