മേയർ സ്ഥാനം രാജിവെക്കില്ലെന്ന് വ്യക്തമാക്കി ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം: കത്ത് വിവാദത്തിൽ മേയർ സ്ഥാനം രാജിവെക്കില്ലെന്ന് വ്യക്തമാക്കി ആര്യ രാജേന്ദ്രൻ. കൗൺസിലർമാരുടെ പിന്തുണയുള്ളിടത്തോളം കാലം മേയറായി തുടരുമെന്നും ആര്യ പറഞ്ഞു. രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷൻ മുന്നിൽ നടന്ന പ്രതിഷേധത്തോട് പ്രതികരിക്കുകയായിരുന്നു ആര്യ രാജേന്ദ്രൻ.
“55 കൗൺസിലർമാർ വോട്ടു രേഖപ്പെടുത്തിയാണ് ചുമതലയേറ്റത്. കൗൺസിലർമാരുടെയും ജനങ്ങളുടെയും പിന്തുണയുള്ളിടത്തോളം കാലം മേയറായി തുടരും. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ കൃത്യമായ അന്വേഷണം നടക്കുകയാണ്. അതിന്റെ ഭാഗമായി എനിക്ക് പറയാനുള്ളത് ക്രൈംബ്രാഞ്ചും കേട്ടു. നഗരസഭ ജീവനക്കാരുടെ പ്രവർത്തനങ്ങളും മറ്റ് പൊതുകാര്യങ്ങളും പ്രസ്താവനയുടെ ഭാഗമായി പരാമർശിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട മറ്റ് നടപടിക്രമങ്ങൾ സ്വാഭാവികമായും മുന്നോട്ട് പോകും. കോടതി അയച്ച നോട്ടീസ് ഇതുവരെ ലഭിച്ചിട്ടില്ല”. ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും പരാതി വെറുതെയല്ല നൽകിയതെന്നും ആര്യ പറഞ്ഞു.
മോഷ്ടിച്ച പണവുമായി മേയറു കുട്ടിയെ കോഴിക്കോട്ടേക്ക് അയയ്ക്കണമെന്ന ജെബി മേത്തറുടെ പരാമർശത്തിനും ആര്യ മറുപടി നൽകി. ഒരു വനിതാ എം.പി അതിന്റെ ഭാഗമാണെന്നത് വേദനാജനകമാണ്. ഉത്തരവാദിത്തപ്പെട്ടവർ ഇത് പറയുന്നത് ശരിയല്ല. ആവശ്യമെങ്കിൽ ജെബി മേത്തർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആര്യ പറഞ്ഞു.