എൻഡോസൾഫാൻ ബാധിതർക്കുള്ള സഹായം; സാങ്കേതികതയുടെ പേരിൽ നിരസിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: എൻഡോസൾഫാൻ ദുരിതബാധിതർക്ക് സഹായം അനുവദിക്കുന്നതിൽ കട്ട് ഓഫ് തീയതികൾ നിശ്ചയിക്കുന്നതിലെ സാങ്കേതികത അർഹരായവർക്ക് സഹായം നിഷേധിക്കാൻ കാരണമാകരുതെന്ന് ഹൈക്കോടതി. വായ്പ എഴുതിത്തള്ളാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് എൻഡോസൾഫാൻ ദുരിതബാധിതയായ കുട്ടിയുടെ കുടുംബം നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് വി ജി അരുൺ ഉത്തരവ് പുറപ്പെടുവിച്ചത്.

രണ്ട് ബാങ്കുകളിലെ കുടുംബത്തിന്‍റെ വായ്പകൾ എഴുതിത്തള്ളാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സർക്കാർ ഉൾപ്പെടെയുള്ള എതിർകക്ഷികളോട് കോടതി നിർദ്ദേശിച്ചു. 2011ന് മുമ്പ് വരെയുള്ള ഹർജിക്കാരുടെ ബാങ്ക് വായ്പകളിൽ ഒരു നിശ്ചിത തുക എഴുതിത്തള്ളിയിരുന്നെങ്കിലും കട്ട് ഓഫ് തീയതിയുടെ സാങ്കേതികത ചൂണ്ടിക്കാട്ടി ബാക്കി തുക ബാധ്യതയായി നിലനിർത്തിയതിനെ ചോദ്യം ചെയ്താണ് ഹർജി നൽകിയത്. തുക അടയ്ക്കാത്തതിന് ബാങ്കുകൾ തുടർനടപടി നോട്ടിസുകൾ അയച്ചതിനെ തുടർന്നാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്.