വസ്ത്രധാരണത്തെ ചൊല്ലി വഴക്ക്; തക്കലയിൽ ഭർത്താവ് ഭാര്യയെ റോഡിൽ വെട്ടിക്കൊന്നു

തിരുവനന്തപുരം: കന്യാകുമാരിക്കടുത്ത് തക്കലയിൽ ഭർത്താവ് ഭാര്യയെ നടുറോഡിൽ വെട്ടിക്കൊന്നു. തക്കല തച്ചലോട് സ്വദേശി ജെബ ബെർണിഷയാണ് മരിച്ചത്. പിന്നാലെ ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് എബനേസറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യയുടെ വസ്ത്രധാരണ രീതിയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.

കഴിഞ്ഞ മൂന്ന് മാസമായി ജെബ നെയ്യാറ്റിൻകരയിലെ ഒരു സ്ഥാപനത്തിൽ ബ്യൂട്ടീഷ്യൻ കോഴ്സ് പഠിക്കുകയായിരുന്നു. ഇതിന് ശേഷം, ജെബ ആധുനിക വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങിയെന്ന് എബനേസർ ആരോപിച്ചിരുന്നു.

ഇന്നലെയും ഇതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. പിതാവിന്‍റെ മധ്യസ്ഥതയിൽ തർക്കം പരിഹരിച്ച് വീട്ടിലേക്ക് മടങ്ങുംവഴി വീണ്ടും തർക്കമുണ്ടായി. തുടർന്ന് എബനേസർ തന്‍റെ കൈവശമുണ്ടായിരുന്ന കത്തികൊണ്ട് വെട്ടുകയായിരുന്നു.