ഏഴാം വയസ്സിൽ അധ്യാപിക; ഫാത്തിമ ഫർഹാന പഠിപ്പിക്കുന്നത് കമ്പ്യൂട്ടർ ഡിസൈനിങ്‌

പെരുമ്പാവൂർ : ഫാത്തിമ ഫർഹാന എന്ന 7 വയസ്സുകാരിക്ക് ഇന്ന് ഇന്ത്യയിലും, വിദേശത്തുമായി നിരവധി വിദ്യാർത്ഥികളുണ്ട്. തന്നേക്കാൾ മുതിർന്നവരെയും, ടീച്ചർമാരെയും ഫർഹാന പഠിപ്പിക്കുന്നത് കണക്കും, സയൻസുമൊന്നുമല്ല. ക്യാൻവാ എന്ന ഡിസൈൻ പ്ലാറ്റ്ഫോമിന്റെ സഹായത്തോടെ പോസ്റ്റർ നിർമാണം, അനിമേഷൻ, എന്നിവയെല്ലാമാണ്.

പിതാവിന്റെ ഫോണിൽ നിന്നും കുട്ടികൾക്ക് ക്ലാസ് എടുക്കുന്ന മാതൃകയിൽ വീഡിയോ പോസ്റ്റ്‌ ചെയ്തിരുന്ന ഫർഹാന ഹാഷ് ഫ്യൂച്ചർ സ്കൂളിൽ ചേർന്നതോടെയാണ് ഉള്ളിലെ കഴിവുകൾ കൂടുതൽ പ്രയോജനപ്പെടുത്താൻ അവസരം ലഭിച്ചത്. ക്യാൻവായിലൂടെ സ്കൂളിലേക്കായി പഠിച്ച കാര്യങ്ങളെല്ലാം, മനോഹരമായി പോർട്ട്‌ഫോളിയോ ആക്കി പ്രസന്റ് ചെയ്തിരുന്നത് കണ്ട് കൂട്ടുകാരും, അതുപോലെ വേണമെന്നാവശ്യപ്പെട്ടതോടെയാണ് ഓൺലൈൻ ക്ലാസ്സ്‌ എടുത്ത് മറ്റുള്ളവർക്കും പറഞ്ഞ് നൽകാൻ ഫർഹാന തയ്യാറായത്.

പെരുമ്പാവൂർ സ്വദേശികളായ ശിഹാബുദ്ധീൻ, റെബിന ദമ്പതികളുടെ മകളായ ഫർഹാനക്ക് ഇന്ന് 100 ഓളം വിദ്യാർത്ഥികളുണ്ട്. ഓൺലൈൻ ക്ലാസ്സിനാവശ്യമായ പോസ്റ്റർ നിർമാണം, മാർക്കറ്റിംഗ്, എന്നിവയെല്ലാം ചെയ്യുന്നതും ഈ മിടുക്കി തന്നെ.