അട്ടപ്പാടി മധു വധക്കേസ്; കൂറുമാറിയ സാക്ഷിയുടെ കാഴ്ചയ്ക്ക് കുഴപ്പമില്ല

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ കൂറുമാറിയ സാക്ഷി സുനിൽകുമാറിനു മികച്ച കാഴ്ചശക്തി. കോടതി നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. അതേസമയം, കൂറുമാറ്റത്തെ തുടർന്ന് സുനിൽ കുമാറിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സൈലന്‍റ് വാലി ഡിവിഷന്‍റെ കീഴിലുള്ള താൽക്കാലിക വാച്ചറായിരുന്നു സുനിൽ കുമാർ.

അട്ടപ്പാടി മധു വധക്കേസിൽ കൂറുമാറിയ സാക്ഷിക്കെതിരെ നാടകീയ നടപടികളാണ് ഇന്ന് സ്വീകരിച്ചത്. താനും മധുവും ഉള്‍പ്പെട്ട ദൃശ്യങ്ങള്‍ കഴിയുന്നില്ലെന്ന് പറഞ്ഞതോടെ സാക്ഷി സുനിൽ കുമാറിന്‍റെ കാഴ്ചശക്തി പരിശോധിക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. സാക്ഷികൾ കൂറുമാറുന്നത് അനുദിനം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് മണ്ണാർക്കാട് കോടതിയുടെ നിർണായക നീക്കം.

ആൾക്കൂട്ടത്തിൽ മധുവിനൊപ്പം സുനിൽകുമാർ നിൽക്കുന്നതായി കോടതിയിൽ കാണിച്ച ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ദൃശ്യങ്ങൾ തിരിച്ചറിയാൻ കഴിയുന്നില്ലെന്നായിരുന്നു സുനിൽ കുമാർ പറഞ്ഞതു. സുനിൽകുമാർ ഒഴികെയുള്ള എല്ലാവർക്കും കാണാൻ കഴിയുന്നുണ്ടല്ലോ എന്നു പരാമർശിച്ചാണു കോടതി കാഴ്ചശക്തി പരിശോധിക്കാൻ നിർദേശിച്ചത്.