ബോട്ടുകളുടെ പരിശോധനകൾ പൂർത്തിയായി; ന്യൂനതകൾ പരിഹരിക്കാൻ ഒരാഴ്ചത്തെ സമയം



പറശ്ശിനിക്കടവ് | അധികൃതരുടെ പരിശോധനയിൽ അപാകങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് അഴീക്കൽ തുറമുഖ വകുപ്പ് ഓഫീസറുടെ നിർദേശ പ്രകാരം വ്യാഴാഴ്ച പറശ്ശിനിക്കടവിൽ സ്വകാര്യ ബോട്ടുകളും കെ ടി ഡി സിയുടെ ബോട്ടും സർവീസ് നടത്തിയില്ല. എന്നാൽ ജല ഗതാഗത വകുപ്പിന്റെ ബോട്ട് മാത്രം സാധാരണ നിലയിൽ ഓടി. ബുധനാഴ്ച വൈകിട്ട് തുറമുഖ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് ബോട്ടുകളുടെ രേഖകളും മറ്റു സുരക്ഷാ ക്രമീകരണങ്ങളും പരിശോധിച്ചത്.

പരിശോധിച്ചതിൽ പറശ്ശിനിക്കടവിൽ സർവീസ് നടത്തുന്ന എല്ലാ ബോട്ടുകൾക്കും അധികൃതർ നോട്ടീസ് നൽകിയിരുന്നു. ന്യൂനതകൾ പരിഹരിക്കാൻ ഒരാഴ്ചത്തെ സമയം നൽകിയിട്ടുണ്ട്. അതിനിടയിൽ വീഴ്ചകൾ പരിഹരിക്കാൻ തുറമുഖ ഓഫീസർ നിർദേശം നൽകി.

വ്യാഴാഴ്ച കുപ്പം പുഴയിൽ സർവീസ് നടത്തുന്ന ബോട്ടുകളുടെയും പറശ്ശിനിക്കടവിൽ പരിശോധിക്കാൻ ബാക്കിയുള്ളവയുടെയും പരിശോധനകൾ പൂർത്തിയാക്കി. കുപ്പം പുഴയിൽ സർവീസ് നടത്തുന്ന അഞ്ചെണ്ണത്തിൽ ഒന്നിന് മാത്രമാണ് ഓടാൻ അനുമതി നൽകിയത്. മറ്റുള്ളവക്ക് അപാകം പരിഹരിക്കാൻ സമയം നൽകിയിട്ടുണ്ട്.

പറശ്ശിനിക്കടവിൽ ജലഗതാഗത വകുപ്പിന്റെയും കെ ടി ഡി സിയുടെയും ബോട്ടുകളുടെയും മറ്റു സ്വകാര്യ ബോട്ടുകളുടെയും പരിശോധനകൾ പൂർത്തിയാക്കി. എല്ലാ ബോട്ടുകൾക്കും സർവീസ് നടത്താനുള്ള അനുമതി നിഷേധിച്ചിരുന്നു. എന്നാൽ ജലഗതാഗത വകുപ്പിന്റെ ബോട്ട് ആലപ്പുഴ കേന്ദ്രമായി പ്രവർത്തിക്കുന്നതിനാൽ വ്യാഴാഴ്ചയും സാധാരണ പോലെ സർവീസ് നടത്തി. ജലഗതാഗത വകുപ്പിന്റെ ബോട്ടിനും തുറമുഖ അധികൃതർ അവശ്യം ഒരുക്കേണ്ട സൗകര്യങ്ങൾ കാണിച്ച് അപാകങ്ങൾ പരിഹരിക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്. കെ ടി ഡി സിയുടെ ബോട്ടിനും അപാകം കണ്ടെത്തിയിട്ടുണ്ടെന്ന് തുറമുഖ അധികൃതർ അറിയിച്ചു.

അംഗീകൃത ലൈഫ് ജാക്കറ്റുകൾ, ഇൻഷുറൻസ്, സൗകര്യങ്ങളുടെ കുറവ് തുടങ്ങിയ പല കാര്യങ്ങളിലും അപാകം അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വെള്ളിയാഴ്ച പയ്യന്നൂലും തൃക്കരിപ്പൂരിലും കാസർകോട് ജില്ലയിലെ മറ്റു ഭാഗങ്ങളിലും പരിശോധന നടക്കും. അഴീക്കൽ തുറമുഖ ഓഫീസർ ക്യാപ്റ്റൻ പ്രതീഷ് നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനകൾക്ക് മേൽനോട്ടം വഹിക്കുന്നത്.