ബേക്കറിയിലെത്തിയ 13 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; ഉടമ അറസ്റ്റിൽ, കടയ്ക്ക്‌ തീയിട്ട് പിതാവ്

കൊച്ചി: ബേക്കറിയിലെത്തിയ 13 വയസുകാരിയെ കയറിപ്പിടിച്ച കടയുടമ പോക്സോ കേസിൽ അറസ്റ്റിലായി. സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ പിതാവ് ബേക്കറിക്ക് തീയിട്ടു. ചേരാനെല്ലൂർ വിഷ്ണുപുരം ജംഗ്ഷനിൽ ബുധനാഴ്ചയാണ് സംഭവം.

പോക്സോ കേസുമായി ബന്ധപ്പെട്ട് ചേരാനെല്ലൂർ വിഷ്ണുപുരം വേണാട് വീട്ടിൽ കണ്ണൻ എന്ന ബാബുരാജിനെയാണ് (51) ചേരാനെല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകീട്ട് നാലുമണിയോടെ ബേക്കറിയിലെത്തിയ പെൺകുട്ടിയെ ബാബുരാജ് കടന്നുപിടിക്കുകയായിരുന്നുവെന്ന് ചേരാനെല്ലൂർ പൊലീസ് പറഞ്ഞു.

രാത്രി എട്ട് മണിയോടെയാണ് പെൺകുട്ടിയുടെ പിതാവ് ബേക്കറിക്ക് തീയിട്ടത്. ബേക്കറി ഭാഗികമായി കത്തിനശിച്ചു. പിന്നാലെ രാത്രി കുട്ടിയുടെ പിതാവിനെയും അറസ്റ്റ് ചെയ്തു. ബാബുരാജിനെയും പെൺകുട്ടിയുടെ പിതാവിനെയും കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.