ബഹ്റൈൻ പാർലമെന്‍റ് തെരഞ്ഞെടുപ്പ് നവംബർ 12ന് നടക്കും
മനാമ: ബഹ്റൈൻ പാർലമെന്‍റ് തിരഞ്ഞെടുപ്പ് നവംബർ 12ന് നടക്കും. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഒക്ടോബർ 5 മുതൽ 9 വരെ സ്ഥാനാർത്ഥികൾക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. വടക്ക്, തെക്ക്, മുഹറം ഗവർണറേറ്റ് പരിധിയിലെ മുനിസിപ്പാലിറ്റികളിലേക്കുള്ള തിരഞ്ഞെടുപ്പും നവംബർ 12 ന് നടക്കും. ഉപപ്രധാനമന്ത്രിയും അടിസ്ഥാനസൗകര്യവികസന മന്ത്രിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ മുനിസിപ്പൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാബിനറ്റ് ഉത്തരവ് പുറപ്പെടുവിച്ചു.
മുനിസിപ്പൽ കൗൺസിലുകളിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് ഒക്ടോബർ 5 മുതൽ 9 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. നവംബർ 12ന് രാവിലെ 8 മുതൽ രാത്രി 8 വരെയാണ് വോട്ടെടുപ്പ്. റീപോളിംഗ് ആവശ്യമെങ്കിൽ നവംബർ 19ന് നടത്തും. വിദേശത്തുള്ളവർക്കായി അതത് രാജ്യങ്ങളിലെ ബഹ്റൈൻ എംബസി, കോൺസുലേറ്റ്, ഡിപ്ലോമാറ്റിക് മിഷൻ എന്നിവിടങ്ങളിൽ നവംബർ എട്ടിന് വോട്ടെടുപ്പ് നടക്കും.