ലോകകപ്പിലെ മനോഹര കാഴ്ച; കുഞ്ഞിനെ മാറോടണച്ച് വോളന്റിയറിങ്‌ ജോലി ചെയ്യുന്ന നബ്ഷ

കുഞ്ഞുമായി പൊതുവേദിയിലെത്തുമ്പോൾ നെറ്റിചുളിക്കുന്നവർ ഈ അമ്മയെയും കുഞ്ഞിനെയും പരിചയപ്പെടണം.ഫുട്ബോൾ ആവേശത്തിന്റെ കൊടുമുടിയിൽ നിൽക്കുന്ന ഖത്തറിൽ തന്‍റെ കുഞ്ഞിനെയും കൊണ്ട് വോളന്റിയറിങ്‌ ജോലിയിൽ ഏർപ്പെട്ടിരിക്കുകയാണ് നബ്ഷ. ലോകകപ്പ് ആവേശത്തിനിടയിലെ ഏറ്റവും മനോഹര കാഴ്ച എന്നാണ് സമൂഹ മാധ്യമങ്ങൾ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

മലപ്പുറം വളാഞ്ചേരി സ്വദേശിയായ നബ്ഷ മുജീബ് ഖത്തറിൽ അധ്യാപികയാണ്. ലോകകപ്പിലെ പ്രധാന മാധ്യമ കേന്ദ്രത്തിലെ അക്രഡിറ്റേഷൻ ലീഡറിലൊരാളായും പ്രവർത്തിക്കുന്നു.പ്രതിഫലം ലഭിക്കാത്ത ഇത്തരം പ്രവർത്തനങ്ങൾക്ക് വേണ്ടി സമയം പാഴാക്കേണ്ടതില്ലെന്ന് പലരും ഉപദേശിച്ചെങ്കിലും പിന്മാറാൻ നബ്ഷ തയ്യാറായില്ല.

2021ൽ ഫിഫ അറബ് വോൾഡ് കപ്പ് വോളന്റിയറായാണ് അവർ ഈ മേഖലയിലേക്ക് കടന്നു വരുന്നത്.സ്കൂളിൽ നിന്നെത്തിയ ശേഷം നബ്ഷ വോളന്റിയറുടെ കുപ്പായമണിഞ്ഞു. ഗർഭിണിയാണെന്നുള്ള സന്തോഷമെത്തിയപ്പോഴും ജോലിയിൽ നിന്ന് വിട്ടു നിന്നില്ല.ആരോഗ്യ പ്രശ്നങ്ങളെല്ലാം അതിജീവിച്ച് നബ്ഷ ജോലിയിൽ സജീവമായി. പെട്രോളിയം കമ്പനിയായ ഖത്തർ എനർജിയിൽ ജോലി ചെയ്യുന്ന ഭർത്താവ് മുജീബ് റഹ്മാനും മക്കളായ 13കാരി നഷ് വയും 10 വയസുകാരൻ ഷാനും നബ്ഷയോടൊപ്പം നിന്നു. പ്രസവത്തിന് രണ്ട് ദിവസം മുൻപ് വരെ വോളന്റിയറായി ഓടി നടന്നിരുന്ന നബ്ഷ ഇപ്പോൾ തന്റെ കുഞ്ഞു മാലാഖയായ അർവ ഐറിനെയും കൊണ്ട് ജോലി തുടരുന്ന കാഴ്ച ലോകകപ്പ് വേദിയയിൽ പോസിറ്റിവിറ്റി നിറക്കുകയാണ്.