പക്ഷപാതപരമായി പെരുമാറുന്നു ; അതിജീവിതയുടെ ഹർജി വീണ്ടും കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് അട്ടിമറിക്കപ്പെടുകയാണെന്ന് ആരോപിച്ച് അതിജീവിത നൽകിയ ഹർജിയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് അതിജീവിതയുടെ പ്രധാന പരാതി.

കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡിന്‍റെ ഹാഷ് മൂല്യം മാറിയ സംഭവത്തിൽ കാർഡ് ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കാൻ വിചാരണക്കോടതി വിസമ്മതിച്ചതായും അതിജീവിത ചൂണ്ടിക്കാട്ടി. അതേസമയം, നേരത്തെ ഹർജി പരിഗണിച്ചപ്പോൾ വിചാരണക്കോടതി ജഡ്ജിക്കെതിരെ എന്ത് അടിസ്ഥാനത്തിലാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.

സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് വിചാരണക്കോടതിയിൽ നിന്നാണ് തുറന്നതെന്ന് അതിജീവിത ഹർജിയിൽ ചൂണ്ടിക്കാട്ടിയതോടെയാണ് ഹൈക്കോടതിയുടെ വിമർശനം ഉയർന്നത്. ഇതിന് പിന്നാലെ പ്രോസിക്യൂഷൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോപണങ്ങൾ ഉന്നയിച്ചതെന്ന് അതിജീവിതയുടെ അഭിഭാഷകൻ മറുപടി നൽകി.