കോവിഡ് ജാഗ്രത പാലിക്കുന്നില്ലെങ്കിൽ ഭാരത് ജോഡോ യാത്ര മാറ്റിവെക്കണം; നിർദ്ദേശവുമായി കേന്ദ്രം

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയിൽ കോവിഡ് -19 മുൻകരുതലുകൾ കർശനമായി പാലിക്കണമെന്ന് കോൺഗ്രസ് നേതാക്കളോട് കേന്ദ്ര സർക്കാർ. ഇക്കാര്യം നിര്‍ദ്ദേശിച്ച് രാഹുല്‍ഗാന്ധി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോത് എന്നിവര്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ കത്തയച്ചു. യാത്രയ്ക്കിടെ മാസ്കുകളുടെയും സാനിറ്റൈസറുകളുടെയും ഉപയോഗം കർശനമാക്കണമെന്നും കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തവർ മാത്രമേ യാത്രയിൽ പങ്കെടുക്കാവൂ എന്നും നിർദ്ദേശമുണ്ട്.

കോവിഡ് മുൻകരുതലുകൾ സ്വീകരിക്കാൻ കഴിയുന്നില്ലെങ്കിൽ രാജ്യതാൽപ്പര്യം മുന്നിർത്തി യാത്ര മാറ്റിവയ്ക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും കേന്ദ്രമന്ത്രി അഭ്യർത്ഥിച്ചു. പൊതുജനാരോഗ്യ പ്രശ്നം ഗൗരവമായി കാണണമെന്ന് കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം, മറ്റ് രാജ്യങ്ങളിലെ കോവിഡ് സാഹചര്യം ഗൗരവമായി വിലയിരുത്തുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ബി ഭാരതി പ്രവീണ്‍ പവാർ പറഞ്ഞു. ഇന്ത്യയിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ ചർച്ച ചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരുന്നുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട് .