ആദിവാസി ഊരിലെ കുട്ടികളോടൊപ്പം കൈകോർത്ത് പിടിച്ച് ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ താരങ്ങളെ കൈപിടിച്ച് മൈതാനത്തേക്കെത്തിക്കാൻ ഒരു കൂട്ടം കൊച്ചു കായിക താരങ്ങളെത്തി.ആദിവാസി ഊരിലെ കായികപ്രതിഭകളാണ് താരങ്ങളെ കാണാൻ കൊച്ചിയിലെത്തിയത്.

കാസർഗോഡ് കരിന്തലം ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിലെ 22 കുരുന്നു കായിക വിദ്യാർത്ഥികൾക്കാണ് മുംബൈ ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ താരങ്ങളുടെ കൈകോർത്ത് മൈതാനത്തെത്താനുള്ള അവസരം ലഭിച്ചിരിക്കുന്നത്. ടെലിവിഷനിലൂടെ മാത്രം കണ്ട് ആവേശം കൊണ്ടിട്ടുള്ള പ്രിയ താരങ്ങളെ നേരിൽ കാണാൻ പോകുന്നതിന്റെ ആവേശത്തിലാണ് കുട്ടികൾ. സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കൂടിയായ എംഎൽഎ ശ്രീനിജനാണ് കുട്ടികൾക്ക് മധുരവും, പൂക്കളും നൽകി സ്വീകരിച്ചത്.

ട്രൈബൽ വകുപ്പും ജില്ലാ സ്പോർട്സ് കൗൺസിലും ചേർന്നാണ് കുട്ടികൾക്കായി അവസരമൊരുക്കുന്നതിൽ മുൻകൈയെടുത്തത്. ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റനും, സ്കൂൾ അധികൃതനുമായ കെ. വി ധനേഷാണ് വിവിധ ആദിവാസി ഊരുകളിൽ നിന്നുള്ള കായിക പ്രതിഭകളെ നയിക്കുന്നത്.