കീമോ കഴിഞ്ഞ കാമുകിക്ക് സ്വപ്നയാത്രയൊരുക്കി കാമുകന്‍

അര്‍ബുദത്തോട് പൊരുതി ജീവിതത്തിലേക്ക് തിരിച്ചുവന്നവരുടെ പോരാട്ട കഥകള്‍ നാം നിരവധി കേട്ടിട്ടുണ്ട്. കാൻസറിനെതിരായ പോരാട്ടം അസുഖബാധിതരെ പോലെ തന്നെ അവരുടെ പ്രീയപ്പെട്ടവർക്കും ഏറെ വേദനയും മാനസിക സംഘര്‍ഷവും നല്‍കുന്നതാണ്. എന്നാൽ ഇവരുടെ ഊര്‍ജ്ജവും പിന്തുണയുമാണ് പലരേയും അര്‍ബുദത്തെ തോല്‍പിക്കാന്‍ പ്രാപ്തരാക്കുന്നത്. ഇത്തരത്തില്‍ രോഗത്തിനും തോൽപ്പിക്കാൻ കഴിയാതെ വന്ന സ്‌നേഹബന്ധത്തിന്റെ കഥയാണ് ചാര്‍ലിയും ഹന്നയും പറയുന്നത്.

ട്രാവല്‍ വ്‌ളോഗിലൂടെ ഇന്‍സ്റ്റഗ്രാമില്‍ ഏറെ ആരാധകരെ നേടിയ പ്രണയിതാക്കളാണ് ഇരുവരും. ദാറ്റ് ട്രാവല്‍ കപ്പിള്‍ എന്നാണ് ഇവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന്റെ പേര്. തുര്‍ക്കിയിലെ കാപ്പഡോഷ്യയിലെ ഹോട്ട് എയര്‍ബലൂണുകള്‍ കാണാനുള്ള യാത്രക്കായി ഒരുങ്ങുന്നതിനിടേയാണ് ഹന്നയ്ക്ക് കാന്‍സര്‍ സ്ഥിരീകരിച്ചത്. ഇതോടെ ആ യാത്ര മുടങ്ങി.

കാന്‍സര്‍ നാലാം സ്റ്റേജിൽ എത്തിയതിനാല്‍ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവായിരുന്നു. എന്നാല്‍ ചാര്‍ളി ഒപ്പംനിന്നു. ചികിത്സയ്ക്ക് ശേഷം തുര്‍ക്കിയിലേക്ക് കൊണ്ടുപോകാമെന്ന് ഹന്നയ്ക്ക് ചാർളി ഉറപ്പു നല്‍കി. ആ പ്രതീക്ഷയിലാണ് ഹന്ന കഠിനമായ കീമോ തെറാപ്പികള്‍ക്ക് വിധേയയായത്. ഒടുവില്‍ അവസാന ഘട്ട കീമോതെറാപ്പിയും കഴിഞ്ഞ് ഇരുവരും തുര്‍ക്കി യാത്രക്കായി ഒരുങ്ങി.

‘കോവിഡും കാന്‍സറും കാരണം നാല് തവണ മുടങ്ങിപ്പോയ ഞങ്ങളുടെ യാത്ര ഒടുവില്‍ സഫലമായി’ എന്ന ക്യാപ്ഷനോടെയാണ് ചാര്‍ളി യാത്രയുടെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. രണ്ടര ലക്ഷത്തോളം പേരാണ് ഇരുവരും തമ്മിലുള്ള സ്‌നേഹത്തിന്റേയും കരുതലിന്റേയും ആഴം വ്യക്തമാക്കുന്ന വീഡിയോ കണ്ടത്.