സ്വപ്നയാത്ര സാക്ഷാത്കരിച്ച് സഹോദരങ്ങൾ; ഇരുവരും താണ്ടിയത് 9700 കിലോമീറ്റർ

കോട്ടയം: ഒരു ദിവസം അതിരാവിലെ ആ സഹോദരങ്ങൾ തീക്കോയിയിൽ നിന്ന് അവരുടെ സ്വപ്നയാത്ര ആരംഭിച്ചു. ചെന്നെത്തിയത് സഞ്ചാരികളുടെ പറുദീസയായ ലഡാക്കിൽ. 16 ദിവസം, 16 സംസ്ഥാനങ്ങൾ ഇങ്ങനെ 9700 കിലോമീറ്ററാണ് ഇരുവരും താണ്ടിയത്.

വാഹനമോടിച്ചു ചെല്ലാവുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ഇടമായ കർദുംഗ്ലയിലും സഹോദരങ്ങളെത്തി. സഹോദരൻമാരായ സ്റ്റെസോ,സ്റ്റീവ് എന്നിവരാണ് സ്വപ്നയാത്രയിലെ നായകൻമാർ.

ഇരുവരുടെയും ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഈ യാത്ര.സെപ്റ്റംബർ നാലിന് ആരംഭിച്ച യാത്ര മുംബൈയും ബാംഗ്ലൂരും കടന്ന് രാജസ്ഥാനിലെത്തി. അവിടെ ജോധ്പൂർ കോട്ടയും ജയ്സാൽമീറും സന്ദർശിച്ച്, പഞ്ചാബിലെ സുവർണ്ണക്ഷേത്രവും, വാഗാ അതിർത്തിയും പിന്നിട്ട് ജമ്മുവും,ശ്രീനഗറും ലക്ഷ്യമാക്കി കാർ നീങ്ങി. സമുദ്രനിരപ്പിൽ നിന്ന് 19,024 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലഡാക്കിലെ ഉംലിഗ്ല ചുരവും, 17,982 അടി ഉയരത്തിലെ കർദുംഗ്ലയും കണ്ണ് നിറയെ കണ്ടു.

തീക്കോയി നല്ലമ്പുഴ റിട്ട. അധ്യാപകരായ സോമി ജോസഫിന്‍റെയും ടെസിയുടെയും മക്കളാണ് ഇവർ. യാത്രയിലുടനീളം ഹോട്ടലുകളിൽ നിന്നായിരുന്നു ഭക്ഷണം. രാജസ്ഥാനിലെ ഒരു റിസോർട്ടിലും ഡൽഹിയിലെ ഒരു ബന്ധുവീട്ടിലും താമസിച്ചു. ബാക്കിയുള്ള സമയം മുഴുവൻ കാറിലായിരുന്നു ഉറക്കം. 1,89,000 രൂപയും 10 ജോഡി വസ്ത്രങ്ങളുമായാണ് ഇരുവരും യാത്ര പുറപ്പെട്ടത്.