ബഫര്‍സോണ്‍ ഉപഗ്രഹ സർവ്വേ അന്തിമ രേഖയല്ല, പിന്നിൽ ഉണ്ടായിരുന്നത് സദുദ്ദേശം: മുഖ്യമന്ത്രി

തിരുവനന്തപുരം: ബഫർ സോൺ വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഉപഗ്രഹ സർവ്വേയുടെ പിന്നിൽ ഉണ്ടായിരുന്നത് നല്ല ഉദ്ദേശം മാത്രം. ഇതൊരു അന്തിമ രേഖയല്ല. കൂടുതൽ വ്യക്തത വേണമെന്ന് തന്നെയാണ് സർക്കാരിൻ്റെയും നിലപാട്.ഓരോ പ്രദേശത്തെയും പ്രത്യേകത മനസിലാക്കാൻ വിദഗ്ധ സമിതിയെ ‍നിയോഗിച്ചു .അതിന്റെ തലപ്പത്ത് ജസ്റ്റിസ് തോട്ടത്തിലിനെയാണ് വച്ചത്.

കോടതി വിധിയിൽ എന്താണ് ചെയ്യേണ്ടതെന്ന് ആലോചിക്കാൻ സർക്കാർ തയ്യാറാണ്. ജനവാസ കേന്ദ്രങ്ങളിൽ സാധാരണ ജീവിതം നയിക്കാനാകണം. കേന്ദ്രസർക്കാരും തങ്ങളാൽ കഴിയുന്നത് ചെയ്യണം. ഇതിന്‍റെ ഭാഗമായാണ് നടപടികൾ സ്വീകരിക്കുന്നത്. പരാതികൾ രേഖപ്പെടുത്താൻ അവസരമുണ്ട്.

ഇതിനായി വാർഡ് തിരിച്ചുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. കുറ്റമറ്റ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. ചില നീക്കങ്ങളുടെ ഭാഗമായി ചില കാര്യങ്ങൾ സംഭവിക്കുന്നു. അതിനു പിന്നിൽ വ്യക്തമായ ഉദ്ദേശ്യമുണ്ട്. അവരുടെ ഉദ്ദേശ്യങ്ങൾക്കനുസരിച്ചല്ല സർക്കാർ നീങ്ങുന്നത്. ജനങ്ങളുടെ താൽപര്യം മുൻ നിർത്തിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.