ജയരാജനെതിരെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കാത്തത് ബിജെപി,സിപിഎം ബന്ധം മൂലം: വി ഡി സതീശന്‍

കോഴിക്കോട്: മുഖ്യമന്ത്രി ബി.ജെ.പിക്കെതിരെ പൊതുവേദിയില്‍ മാത്രമാണ് സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള രഹസ്യ ബന്ധം മൂലമാണ് ഇ പി ജയരാജനെതിരായ കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കാത്തതെന്നും വി.ഡി സതീശൻ പറഞ്ഞു. മുജാഹിദ് സമ്മേളനത്തിൽ ബി.ജെ.പിക്കെതിരെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം.

ഇ.പി ജയരാജൻ കള്ളപ്പണം വെളുപ്പിച്ചെന്നും അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നും സി.പി.എമ്മിൽ ആരോപണം ഉയർന്നിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ അന്വേഷിക്കേണ്ട കേന്ദ്ര ഏജൻസികൾ എവിടെപ്പോയി? സി.പി.എം നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികൾ ഒരു അന്വേഷണവും നടത്തില്ല. ഇ.പി ജയരാജനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സമരം പ്രഖ്യാപിച്ചിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.

ബി.ജെ.പിയുമായി രഹസ്യമായി കൂട്ടുകൂടാൻ മുഖ്യമന്ത്രിക്ക് ഒരു മടിയുമില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.പി.എം ബി.ജെ.പിയുമായി ബന്ധം സ്ഥാപിച്ചിരുന്നു. സംസ്ഥാന സർക്കാരിനെതിരെ കേന്ദ്ര ഏജൻസികളുടെ എല്ലാ അന്വേഷണങ്ങളും ഒരു സുപ്രഭാതത്തിൽ അവസാനിച്ചു. ഇതിന് പ്രത്യുപകാരമായി കൊടകര കുഴൽപ്പണക്കേസ് സംസ്ഥാന സർക്കാർ ബി.ജെ.പി നേതാക്കൾക്ക് അനുകൂലമായി അവസാനിപ്പിച്ചു. കേസുകളിൽ അങ്ങോട്ടും ഇങ്ങോട്ടും സഹായിച്ചുകൊണ്ട് ഇരുപാർട്ടികളും ഒരു ബന്ധത്തിൽ ഏർപ്പെടുന്നു. ഇതിനായി കേന്ദ്രമന്ത്രി വി.മുരളീധരൻ ഉൾപ്പടെ ഉള്ളവർ ഇടനിലക്കാരായി പ്രവർത്തിച്ചു. പകല്‍ സംഘപരിവാർ, സി.പി.എം വിരോധം പറയുകയും രാത്രിയില്‍ സന്ധി ചെയ്യുകയും ചെയ്യുന്നവരാണ് കേരളത്തിലെ ബിജെപി, സിപിഎം നേതാക്കളെന്നും വി.ഡി. സതീശന്‍ പറഞ്ഞു.