സൗദി അറേബ്യയിൽ കനത്ത മഴ; ഏറ്റവും കൂടുതൽ ജിദ്ദയിൽ

റിയാദ്: സൗദി അറേബ്യയിൽ കനത്ത മഴ തുടരുകയാണ്. ജിദ്ദ മേഖലയിലാണ് ഏറ്റവും കൂടുതൽ. ജിദ്ദ നഗരത്തിലെ അടിപ്പാതകൾ അടച്ചു. ഞായറാഴ്ച വൈകുന്നേരമാണ് കനത്ത ഇടിമിന്നലോടു കൂടിയ മഴ പെയ്തത്. വ്യാഴാഴ്ച നഗരത്തിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്ന ജോലികൾ പൂർത്തിയായി വരികയായിരുന്നു. ഇതിനിടയിലാണ് വീണ്ടും കനത്ത മഴ പെയ്തത്.

ഞായറാഴ്ച ഇടിമിന്നലോട് കൂടിയ മഴ രണ്ടുമണിക്കൂറിലധികം നീണ്ടുനിന്നു. ഇടവിട്ട് പെയ്ത മഴയിൽ നഗരത്തിലെ പല റോഡുകളും വെള്ളത്തിനടിയിലായി. താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഗതാഗതം താറുമാറായി. നിരവധി വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങി. വെള്ളക്കെട്ട് കാരണം പല റോഡുകളും തുരങ്കങ്ങളും പോലീസ് അടച്ചു. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ചില ജില്ലകളിലെ താമസക്കാർക്ക് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് സന്ദേശം നൽകിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ചയും മഴ തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. മേഖലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ ഓഫീസ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പകരം ഓൺലൈന്‍ വഴിയായിരിക്കണം ക്ലാസുകൾ നടത്തേണ്ടത്.

ശൈത്യകാലത്ത് ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ സൗദി ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. അടച്ചിട്ട സ്ഥലങ്ങളിൽ കരി കത്തിക്കുന്നത് ഒഴിവാക്കുക, നന്നായി വെള്ളം കുടിക്കുക, വ്യായാമം ചെയ്യുക, നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക എന്നിവ ശ്രദ്ധിക്കണം.