കാൻസർ രോഗികൾക്കായി, വളർത്തിയ മുടി മുറിച്ചു നൽകി അഞ്ചാം ക്ലാസുകാരൻ

അങ്കമാലി: ആഗ്രഹിച്ച് വളർത്തിയ മുടി കാൻസർ രോഗികൾക്കായി മുറിച്ച് താരമായി മാറിയിരിക്കുകയാണ് അഞ്ചാം ക്ലാസിൽ പഠിക്കുന്ന സ്റ്റീവ് ഷാൻ. അങ്കമാലി ചാക്കരപ്പറമ്പ് പറവളപ്പിൽ ഷാനിന്റെ മകൻ ആണ് സ്റ്റീവ് ഷാൻ. സ്കൂൾ അധികൃതരുടെ പ്രത്യേക അനുവാദത്തോടെയായിരുന്നു സ്റ്റീവ് ഇത്രയും കാലം മുടി വളർത്തിയിരുന്നത്. മുടിയുടെ നീളം മൂലം, പെൺകുട്ടിയാണോ എന്ന് കളിയാക്കിയവരോട് പെൺകുട്ടിയാണെന്ന് തന്നെ സ്റ്റീവിന് പറയേണ്ടി വന്നിട്ടുണ്ട്.

കാൻസർ രോഗികൾക്ക് നൽകാനാണ് മുടി വളർത്തുന്നതെന്ന് അറിഞ്ഞതോടെയാണ് സ്കൂൾ അധികൃതർ മുടി വളർത്താൻ അനുമതി നൽകിയത്. ആന്റിയായ ഹിമയുടെ ആശയത്തിന് മാതാപിതാക്കളായ ജിസ്നിയും ഷാനും ഒപ്പം നിന്നതോടെയാണ് സ്റ്റീവ് മുടി വളർത്താൻ തുടങ്ങിയത്. 55 സെന്‍റീമീറ്റർ വരെ വളർന്ന ശേഷമാണ് മുടി മുറിക്കാൻ തീരുമാനിച്ചത്.

തൃശൂരിലെ അമല ആശുപത്രിയിലാണ് മുടി നൽകിയത്. റോജി എം.ജോൺ എം.എൽ.എ, നഗരസഭാ പ്രസിഡന്‍റ് റെജി മാത്യു, കൗൺസിലർ ജെസ്മി ജിജോ, മർച്ചന്‍റ്സ് അസോസിയേഷൻ പ്രസിഡന്‍റ് ഡാന്റി ജോസ് എന്നിവർ വീട്ടിലെത്തി സ്റ്റീവിനെ അനുമോദിച്ചു.