എയർ ഇന്ത്യ വിമാനത്തിൽ യുവതിക്കു നേരെ സഹയാത്രികൻ്റെ നഗ്നതാപ്രദര്‍ശനം

മുംബൈ: എയർ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസിലെ സഹയാത്രികയുടെ ദേഹത്ത് മദ്യലഹരിയിലായിരുന്ന യാത്രക്കാരൻ മൂത്രമൊഴിച്ചെന്നു പരാതി. ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിലെ യാത്രക്കാരനാണ് യുവതിയുടെ നേരെ ലൈംഗികാവയവം പ്രദര്‍ശിപ്പിക്കുകയും മൂത്രമൊഴിക്കുകയും ചെയ്തത്. വിമാനത്തിലെ ജീവനക്കാരെ അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും യാത്രക്കാരി ആരോപിച്ചു.

ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരന് രേഖാമൂലം പരാതി നൽകിയതിനു പിന്നാലെയാണ് എയർ ഇന്ത്യ അന്വേഷണത്തിന് തയ്യാറായത്. ഈ സംഭവം കൈകാര്യം ചെയ്യുന്നതിൽ വിമാനത്തിലെ ജീവനക്കാർ പരാജയപ്പെടുകയും സുരക്ഷ ഉറപ്പാക്കാൻ ജീവനക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും പരാതിയിൽ പറയുന്നു.

നവംബർ 26ന് ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിക്ക് വിമാനം പുറപ്പെട്ടതിനു തൊട്ടുപിന്നാലെയായിരുന്നു സംഭവം.