കളക്ടർ വിളിച്ചു;മലയാളി വിദ്യാർത്ഥിയുടെ സ്പോൺഷർഷിപ് ഏറ്റെടുത്ത് സ്റ്റൈലിഷ് സ്റ്റാർ

ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സിൽ തന്‍റേതായ സ്ഥാനം നേടിയ നടനാണ് അല്ലു അർജുൻ. ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമാണ്. പ്ലസ്ടു വിന് ശേഷം തുടർപഠനം മുടങ്ങിയ ആലപ്പുഴ സ്വദേശിയായ ഒരു വിദ്യാർത്ഥിയുടെ മുഴുവൻ പഠനച്ചെലവും ഏറ്റെടുത്തു കൊണ്ട് ശ്രദ്ധ നേടിയിരിക്കുകയാണ് താരമിപ്പോൾ. ആലപ്പുഴ ജില്ലാ കളക്ടർ കൃഷ്ണ തേജ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഈ വിവരം അറിയിക്കുകയും ചെയ്തു.

ദിവസങ്ങൾക്ക് മുൻപാണ് വിദ്യാർത്ഥി കളക്ടറെ കാണാൻ എത്തിയത്.92ശതമാനം മാർക്കോടെ പ്ലസ്ടു പാസ്സായെങ്കിലും തുടർ പഠനം പ്രതിസന്ധിയിലാണെന്ന കാര്യം കളക്ടറെ അറിയിക്കുകയും ചെയ്തു.പിതാവ് കഴിഞ്ഞ വർഷം കോവിഡ് ബാധിച്ച് മരണപ്പെട്ടതോടെ വിദ്യാർത്ഥിയുടെ കുടുംബം ബുദ്ധിമുട്ടുകൾ അനുഭവിച്ചു വരുകയായിരുന്നു. പിന്നീട് വീ ഫോർ ആലപ്പി
എന്നാ പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടിക്ക് വേണ്ട സഹായങ്ങൾ നൽകാൻ കളക്ടർ തീരുമാനിക്കുകയായിരുന്നു.

ഒരു നഴ്‌സ് ആവണമെന്നാണ് വിദ്യാർത്ഥിയുടെ ആഗ്രഹം. മെറിറ്റ് സീറ്റിലേക്ക് അപേക്ഷിക്കാനുള്ള സമയം അവസാനിച്ചിരുന്നതിനാൽ മാനേജ്മെന്‍റ് സീറ്റെങ്കിലും ഉറപ്പാക്കേണ്ടത് അനിവാര്യമായിരുന്നു. വിവിധ കോളേജുകളെ സമീപിച്ചതിന് ശേഷമാണ് കറ്റാനം സെന്‍റ് തോമസ് നഴ്സിംഗ് കോളേജിൽ സീറ്റ് ലഭിച്ചത്.വിദ്യാർത്ഥിയുടെ അടുത്ത നാല് വർഷത്തെ പഠനചിലവ് ഏറ്റെടുക്കാൻ ഒരു സ്പോൺസറെ ലഭിക്കുക എന്നതായിരുന്നു അടുത്ത പടി. ആവശ്യം അറിയിച്ചു കൊണ്ട് അല്ലു അർജുൻനെ സമീപിച്ചപ്പോൾ കുട്ടിയുടെ നാല് വർഷത്തെ ഹോസ്റ്റൽ ഫീസ് ഉൾപ്പെടെ സകല ചിലവും ഏറ്റെടുക്കാൻ അദ്ദേഹം സന്നദ്ധനാവുകയായിരുന്നുവെന്നും കളക്ടർ അറിയിച്ചു.