കമ്മൽ വിറ്റ് മത്സരിച്ചു; സംസ്ഥാന സ്കൂൾ കായിക താരത്തിന് വീട് വച്ചു നൽകി സുമനസ്സുകൾ

പാലക്കാട് : സ്വന്തമായൊരു വീട്, സംസ്ഥാന സ്കൂൾ കായിക മേളയിൽ താരമായ സോണിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അത്. ഒടുവിൽ ആ സ്വപ്നം പൂവണിയുന്നു മത്സരത്തിൽ പങ്കെടുക്കാൻ പണമില്ലാതെ വന്നപ്പോൾ സ്വർണ്ണക്കമ്മൽ വിറ്റ് ട്രാക്കിൽ എത്തി വെങ്കല മെഡൽ നേടിയ സോണിയുടെ കഥ മാധ്യമശ്രദ്ധ നേടിയതോടെയാണ് വീട് നിർമ്മിച്ചു നൽകാൻ സുമനസ്സുകൾ മുന്നോട്ടു വന്നിരിക്കുന്നത്.

തയ്യാലംപറമ്പ് റെയിൽവേ പുറമ്പോക്കിലെ വീട്ടിൽ താമസിക്കുന്ന സോണിയും, കുടുംബവും അടുത്ത വർഷം സ്ഥലം ഒഴിഞ്ഞു കൊടുക്കണമെന്നുള്ള അധികൃതരുടെ കത്ത് ലഭിച്ചതോടെ ആശങ്കയിലായിരുന്നു.

ഇതോടെയാണ് കൊടുവായൂർ ആയില്യം ഹൗസിൽ എ.കെ നാരായണൻ വീട് വച്ചു നൽകാൻ മുന്നോട്ടു വന്നത്. പുതുപ്പരിയാരം പഞ്ചായത്തിൽ 17ആം വാർഡിൽ വാങ്ങിയ 6സെന്റ് സ്ഥലത്ത് സോണിക്ക് പുതിയ വീടൊരുങ്ങും. സി.പി.എം ജില്ലാ സെക്രട്ടറി ഇ. എൻ സുരേഷ് ബാബു തറകല്ലിടൽ കർമ്മം നിർവഹിച്ചു. പുതുപ്പരിയാരം പഞ്ചായത്ത് പ്രസിഡന്റ്‌ പി.ആർ ബിന്ദു, സോണിയുടെ കുടുംബാംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.