കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; മത്സരിക്കാനുറച്ച് ദിഗ്‌വിജയ് സിംഗ്
ന്യൂഡൽഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ദിഗ് വിജയ് സിംഗിന്‍റെ തീരുമാനം. അദ്ദേഹം ഇന്ന് നാമനിർദ്ദേശ പത്രിക വാങ്ങുമെന്നാണ് വിവരം. നാളെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിനം. മുതിർന്ന നേതാക്കളുമായി ദിഗ് വിജയ് സിംഗ് ഇന്ന് ചർച്ച നടത്തും.
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ അധ്യക്ഷ സ്ഥാനാർത്ഥിയാക്കുന്നതിനായി കോണ്‍ഗ്രസില്‍ വീണ്ടും സമവായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഗെഹ്ലോട്ട് ഇപ്പോഴും പരിഗണനയിലാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
രാജസ്ഥാൻ എം.എൽ.എമാരുടെ നീക്കം ഹൈക്കമാൻഡും ഗെഹ്ലോട്ടും തമ്മിലുള്ള ബന്ധത്തിൽ താൽക്കാലിക വിള്ളലുണ്ടാക്കിയെങ്കിലും പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിട്ടില്ലെന്നും ഗെഹ്ലോട്ട് തന്നെയാണ് പ്രധാന പരിഗണനയെന്നും കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. മുതിർന്ന നേതാക്കൾ ഗെഹ്ലോട്ടുമായി ചർച്ച നടത്തി വരികയാണ്.