നേമത്ത് ബിജെപി വിജയിച്ചത് കോണ്‍ഗ്രസ് പിന്തുണയോടെയെന്ന് ആർക്കും മനസ്സിലാവുമെന്ന് വേണുഗോപാലിനോട് സിപിഎം
തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പുരോഗമിക്കുമ്പോൾ കേരളത്തിൽ രാഷ്ട്രീയ വിവാദങ്ങളും രൂക്ഷമാകുകയാണ്. രാഹുൽ ഗാന്ധിയുടെ യാത്ര സീറ്റ് ജോഡോ യാത്രയാണെന്ന സി.പി.എമ്മിന്റെ വിമർശനത്തോട് ജയറാം രമേശും കെ.സി വേണുഗോപാലും ഉൾപ്പെടെ നിരവധി നേതാക്കൾ പ്രതികരിച്ചു. യാത്രയ്ക്ക് ലഭിച്ച സ്വീകരണത്തിൽ സി.പി.എമ്മും ബി.ജെ.പിയും അസ്വസ്ഥരാണെന്നായിരുന്നു കെ.സി വേണുഗോപാലിന്റെ പ്രതികരണം.
കേരളത്തിൽ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയാണ് സി.പി.എം പ്രവർത്തിക്കുന്നതെന്നും കേരളത്തിന് പുറത്ത് മറ്റെവിടെയെങ്കിലും ഉണ്ടോയെന്നും വേണുഗോപാൽ ചോദിച്ചിരുന്നു. എഐസിസി ജനറൽ സെക്രട്ടറിയുടെ പ്രതികരണത്തിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തന്നെ രംഗത്തെത്തി.
കേരളത്തിൽ ബി.ജെ.പിയുമായി സഹകരിച്ചാണ് സി.പി.ഐ(എം) പ്രവർത്തിക്കുന്നതെന്ന കെ.സി വേണുഗോപാലിന്റെ പ്രസ്താവന ജനം തള്ളിക്കളയുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. സംഘപരിവാർ രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ്സ് നിലപാടിനെ തിരുത്തിക്കുന്നതിന് ഇടപെടല്‍ നടത്തുകയാണ് അടിയന്തിരമായി വേണ്ടതെന്നും സി പി എം ചൂണ്ടിക്കാട്ടുന്നു.