കുതിരാന്‍ ദേശീയപാതയില്‍ വിള്ളല്‍; ഉദ്യോഗസ്ഥർക്ക് മന്ത്രിയുടെ രൂക്ഷവിമർശനം

തൃശൂര്‍: കുതിരാൻ ദേശീയപാതയിൽ വിള്ളൽ. സർവീസ് റോഡിൽ നിർമ്മിച്ച കല്‍ക്കെട്ടിലെ ഘടനയിലെ തകരാറാണ് വിള്ളലിന് കാരണം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ റവന്യു മന്ത്രി കെ.രാജൻ ദേശീയപാതാ ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ചു. കല്‍ക്കെട്ട് നിർമ്മാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാണിച്ച മന്ത്രി 24 മണിക്കൂറിനകം സ്ഥലത്തെത്താൻ ദേശീയപാതാ പ്രോജക്ട് ഡയറക്ടർക്ക് നിർദ്ദേശം നൽകി.

കല്‍ക്കെട്ടിന്‍റെ പുനർനിർമാണം വിലയിരുത്താൻ ജില്ലാ കളക്ടർ ഹരിത വി കുമാറിനെ ചുമതലപ്പെടുത്തി. കുതിരാൻ ദേശീയപാതയോട് ചേർന്നുള്ള സർവീസ് റോഡിലാണ് കൽക്കെട്ട് നിർമിച്ചത്. കനത്ത മഴയില്‍ ഇത് ഭാഗികമായി തകര്‍ന്നു. തുടർന്നാണ് ദേശീയപാത റോഡില്‍ വിള്ളൽ രൂപപ്പെട്ടത്.

നിലവിൽ ദേശീയപാതയുടെ ഒരു വശത്തെ ഗതാഗതം താൽക്കാലികമായി നിയന്ത്രിച്ചിരിക്കുകയാണ്. മഴ തുടർന്നാൽ കൽക്കെട്ട് പൂർണമായും നശിക്കുമെന്ന സാഹചര്യത്തിലാണ് മന്ത്രി ഇടപെട്ടത്.