അതിർത്തി പ്രദേശങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന ഉറപ്പുനൽകി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

ഇറ്റാനഗര്‍: അതിർത്തി പ്രദേശങ്ങളിലെ ഏതു പ്രകോപനത്തെയും ചെറുക്കാൻ ഇന്ത്യൻ സൈന്യത്തിനു കഴിയുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഏതെങ്കിലും തരത്തിൽ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമല്ല ഇന്ത്യയെന്നും അയൽരാജ്യങ്ങളുമായി സൗഹാർദ്ദപരമായ ബന്ധം പുലർത്താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അരുണാചൽ പ്രദേശിലെ ബോലെംഗിൽ ബോർഡർ റോഡ്സ് ഓർഗനൈസേഷന്‍റെ (ബിആർഒ) പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിർത്തി പ്രദേശങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും കേന്ദ്ര സർക്കാർ മുൻഗണന നൽകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. പുതിയ പാലം പ്രദേശവാസികളുടെ യാത്ര സുഗമമാക്കുക മാത്രമല്ല, സൈന്യത്തിന്‍റെയും വലിയ സൈനിക ഉപകരണങ്ങളുടെയും യന്ത്രവത്കൃത വാഹനങ്ങളുടെയും സഞ്ചാരം വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

“ഒരിക്കലും യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമല്ല ഇന്ത്യ, അയല്‍രാജ്യങ്ങളുമായി സൗഹാര്‍ദപരമായ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഭഗവാന്‍ രാമനില്‍ നിന്നും ഭഗവാന്‍ ബുദ്ധന്റെ ഉപദേശങ്ങളില്‍ നിന്നും പൈതൃകമായി ലഭിച്ച നമ്മുടെ തത്വശാസ്ത്രമാണിത്. പ്രകോപനപരമായ ഏതു സാഹചര്യത്തേയും നേരിടാനുള്ള എല്ലാവിധ കഴിവും ഈ രാജ്യത്തിനുണ്ട്” രാജ്‌നാഥ് സിങ് പറഞ്ഞു.