ലഹരിവിരുദ്ധ പ്രചാരണത്തിനിടെ മദ്യപാനം; ഡിവൈഎഫ്ഐ നേതാക്കളെ പുറത്താക്കി

തിരുവനന്തപുരം: ലഹരി വിരുദ്ധ പ്രചാരണത്തിനിടെ ബാറിൽ മദ്യപിച്ചതിന് ഡി.വൈ.എഫ്.ഐയിൽ നടപടി. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗത്തെയും നേമം ഏരിയാ പ്രസിഡന്‍റിനെയും പുറത്താക്കി. പി. ബിജുവിന്‍റെ പേരിലുള്ള ആംബുലൻസ് ഫണ്ടിലെ ക്രമക്കേട് അന്വേഷിക്കാൻ കമ്മീഷനെ നിയോഗിക്കാനും ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

യുവജന സംഘടനയുടെ ലഹരി വിരുദ്ധ പ്രചാരണത്തിന് പിന്നാലെ ഇരുവരും ബാറിൽ പോയി മദ്യം കഴിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇരുവരും മദ്യപിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് നടപടി നിർബന്ധിതമായത്.

നേമം ഏരിയാ പ്രസിഡന്‍റ് ആഷിഖ്, ജില്ലാ കമ്മിറ്റി അംഗം അഭിജിത്ത് എന്നിവരെയാണ് സംഘടനയിൽ നിന്ന് പുറത്താക്കിയത്. അന്തരിച്ച സി.പി.എം നേതാവ് പി. ബിജുവിന്‍റെ പേരിലുള്ള ആംബുലൻസ് ഫണ്ട് തട്ടിപ്പിലാണ് പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. കോവിഡ് ബാധിച്ച് മരിച്ച പ്രവര്‍ത്തക ആശയുടെ കുടുംബത്തിന് വീട് വച്ച് നൽകുന്നതിനായി ശേഖരിച്ച ഫണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്തെന്നും അംബുലന്‍സ് ഫണ്ടില്‍ നിന്നും ഒരുലക്ഷം രൂപ തട്ടിച്ചുവെന്നുമാണ് പരാതി. ഏരിയാ സെക്രട്ടറി മനുക്കുട്ടൻ, നിഥിൻ രാജ് എന്നിവർക്കെതിരെയാണ് അന്വേഷണം.