ഇലന്തൂർ നരബലി കേസ്; ആദ്യ കുറ്റപത്രം തയ്യാറാക്കി കൊച്ചി സിറ്റി പൊലീസ്

കൊച്ചി: സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച ഇലന്തൂർ നരബലി കേസിൽ ആദ്യ കുറ്റപത്രം കൊച്ചി സിറ്റി പൊലീസ് തയ്യാറാക്കി. മുഖ്യപ്രതി ഷാഫി ഉൾപ്പെടെ മൂന്ന് പ്രതികളുള്ള കേസിൽ 150 സാക്ഷികളാണുള്ളത്. ദൃക്സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും ആണ് അന്വേഷണ സംഘത്തിന്‍റെ പിടിവള്ളി.

കേരള മനസാക്ഷിയെ ഞെട്ടിച്ച നരഹത്യയുമായി ബന്ധപ്പെട്ട് എറണാകുളത്തും കാലടിയിലുമായി രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇലന്തൂരിൽ തമിഴ്നാട് സ്വദേശിനിയായ പത്മയെ കൊലപ്പെടുത്തിയ കേസിലാണ് ആദ്യ കുറ്റപത്രം തയ്യാറാക്കിയത്.  സമ്പത്തിനും സമൃദ്ധിക്കും വേണ്ടി മനുഷ്യബലി നടത്താമെന്നും മനുഷ്യമാസം വിറ്റ് പണം സമ്പാദിക്കാമെന്നും പറഞ്ഞ് മറ്റ് രണ്ട് പ്രതികളെയും വിശ്വസിപ്പിച്ച മുഹമ്മദ് ഷാഫിയാണ് ഒന്നാം പ്രതി. 

പരമ്പരാഗത ചികിത്സ നടത്തുന്ന ഇലന്തൂർ സ്വദേശി ഭഗവൽ സിംഗ്, ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. കൊലപാതകം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, മൃതദേഹത്തോട് അനാദരവ്, മോഷണം എന്നീ കുറ്റങ്ങളാണ് അന്വേഷണ സംഘം പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. വിചാരണയിൽ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും അന്തിമ റിപ്പോർട്ടിൽ പറയുന്നു.