ഇന്ത്യയ്ക്ക് പിന്നാലെ യുഎസും; ചൈനയില്‍ നിന്നുള്ളവർക്കു കോവിഡ് പരിശോധന നിർബന്ധമാക്കും

വാഷിങ്ടൻ: ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കാൻ അമേരിക്ക. രണ്ട് വയസിന് മുകളിലുള്ള എല്ലാ വിമാന യാത്രക്കാർക്കും ജനുവരി അഞ്ച് മുതൽ കോവിഡ് പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങളിൽ ചൈന ഇളവ് വരുത്തിയതിന് പിന്നാലെയാണ് ഈ നീക്കം.

കോവിഡ് സാഹചര്യത്തെക്കുറിച്ച് ചൈന വേണ്ടത്ര വിവരങ്ങൾ നൽകുന്നില്ലെന്നും യുഎസ് ആരോപിച്ചു. ഇന്ത്യയ്ക്കും ജപ്പാനും പിന്നാലെ ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അമേരിക്കയും നിർബന്ധമാക്കുകയാണ്. കോവിഡ് മഹാമാരി നിയന്ത്രണവിധേയമാണെന്നും ജനുവരി 8 മുതൽ ക്വാറന്‍റൈൻ ഒഴിവാക്കുമെന്നും ചൈന അറിയിച്ചു.

കോവിഡിന്റെ കാര്യത്തിൽ പുതുവർഷത്തിന്‍റെ ആദ്യ ദിവസങ്ങൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകമാണെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുൻ വർഷങ്ങളിലെ വ്യാപനത്തിന്‍റെ രീതി കണക്കിലെടുത്ത്, അടുത്ത 40 ദിവസത്തേക്ക് മുൻകരുതലുകൾ എടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യയിലെത്തിയവരിൽ നടത്തിയ 6,000 ആർടി-പിസിആർ പരിശോധനയിൽ 39 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.