വൈദ്യുതി നിരക്ക് പരിഷ്‌കാരം:
പൊതുതെളിവെടുപ്പ് മെയ് എട്ട് മുതൽ

വൈദ്യുതി നിരക്ക് പരിഷ്‌കരിക്കാൻ കേരള വൈദ്യുതി ബോർഡ് നൽകിയ അപേക്ഷകളിൽ പൊതുജനങ്ങളിൽ നിന്നും വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ നേരിട്ട് തെളിവെടുപ്പ് നടത്തും. മെയ് എട്ടിന് രാവിലെ 11 മണിക്ക് കോഴിക്കോട് നളന്ദ ഓഡിറ്റോറിയം, ഒമ്പതിന് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാൾ, 10ന് കൊച്ചിൻ മുൻസിപ്പൽ കോർപ്പറേഷൻ നോർത്ത് ടൗൺ ഹാൾ, 15ന് തിരുവനന്തപുരം വെള്ളയമ്പലം ഇൻസ്റ്റിറ്റിയൂഷൻ ഓഫ് എഞ്ചിനീയേഴ്‌സ് ഹാൾ എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടക്കുക. എല്ലായിടത്തും രാവിലെ 11നാണ് തെളിവെടുപ്പ് തുടങ്ങുക. പാരമ്പര്യ ഊർജ സ്രോതസുകൾ വഴിയുള്ള വൈദ്യുതി ഉപയോഗത്തിന് താരീഫ് നിശ്ചയിക്കുന്ന കാര്യവും കമ്മീഷൻ പരിഗണിക്കും. പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും തെളിവെടുപ്പിൽ സമർപ്പിക്കാം. സെക്രട്ടറി, സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ, കെ പി എഫ് സി ഭവനം, സി വി രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം-695010 എന്ന വിലാസത്തിലും kserc@erckerala.org എന്ന ഇ മെയിൽ വിലാസത്തിലും മെയ് 15ന് വൈകീട്ട് അഞ്ച് മണി വരെ അപേക്ഷ സ്വീകരിക്കും.