150 കോടി ട്വിറ്റർ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യാന്‍ എലോൺ മസ്‌ക്

ട്വിറ്ററിന്‍റെ തലവനായി ചുമതലയേറ്റ ശേഷം എലോൺ മസ്ക് കമ്പനിയിൽ നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നിരവധി ജീവനക്കാരെ പിരിച്ചുവിടുകയും ചിലരെ കമ്പനിയിലേക്ക് എടുക്കുകയും ചെയ്തു. ട്വിറ്ററിന്‍റെ പ്രധാന സവിശേഷതകളിൽ ഒന്നായ ബ്ലൂ ടിക്ക് വെരിഫിക്കേഷനിലും മസ്ക് ചില മാറ്റങ്ങൾ വരുത്തിയിരുന്നു.

ഇപ്പോൾ 150 കോടി ട്വിറ്റർ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാനാണ് മസ്ക് പദ്ധതിയിടുന്നത്. ട്വിറ്ററിലൂടെയാണ് മസ്ക് ഇക്കാര്യം അറിയിച്ചത്. ദീർഘകാലമായി പ്രവർത്തനരഹിതമായി കിടക്കുന്ന അക്കൗണ്ടുകളും വ്യാജ അക്കൗണ്ടുകളും നീക്കം ചെയ്യും.

വർഷങ്ങളായി നിഷ്ക്രിയമായി തുടരുന്ന അക്കൗണ്ടുകളെയാണ് മസ്കിന്‍റെ നടപടികൾ പ്രധാനമായും ബാധിക്കുക. ദീർഘകാലമായി ലോഗിൻ ചെയ്യാതെയിരിക്കുന്ന അക്കൗണ്ടുകൾക്കും പുതിയ നീക്കം ദോഷം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ട്വിറ്ററിൽ സജീവമായി തുടരുന്നവരെ ഈ നീക്കം ബാധിച്ചേക്കില്ല.