ചരിത്രമെഴുതി ഫിഫ; കളി നിയന്ത്രിക്കാൻ വനിതാ റഫറിമാരെത്തും

ദോഹ: ഒരു നൂറ്റാണ്ടോളം നീണ്ട ഫിഫ പുരുഷ ലോകകപ്പിന്റെ ചരിത്രം തിരുത്താൻ വനിതാ റഫറിമാർ ഇറങ്ങുന്നു.ഇന്ന് കോസ്റ്റാറിക്കയും -ജർമ്മനിയും ഏറ്റുമുട്ടുമ്പോൾ അൽ ബെയ്റ്റ് സ്റ്റേഡിയത്തിൽ വിസിലുമായി ഇറങ്ങുന്ന മൂന്ന് റഫറിമാരും വനിതകളാണ്.ഫ്രാൻസിൽ നിന്നുള്ള സ്റ്റെഫാനി ഫ്രപ്പാർട്ട് ആണ് പ്രധാന റഫറി. ബ്രസീലിന്‍റെ നൂസ ബെക്ക്, മെക്സിക്കോയുടെ കരെൻ ഡയസ് എന്നിവർ അസിസ്റ്റന്‍റ് റഫറിമാരായെത്തും.ഫിഫ പുരുഷ ലോകകപ്പിൽ വനിതാ റഫറിമാർ നിയന്ത്രിക്കുന്ന മത്സരമെന്ന റെക്കോർഡും കോസ്റ്റാറിക്ക-ജർമ്മനി പോരാട്ടം സ്വന്തമാക്കും.

കഴിഞ്ഞയാഴ്ച പോളണ്ട്-മെക്സിക്കോ മത്സരത്തിൽ ഫോർത്ത് ഒഫീഷ്യലായി മാറിയ സ്റ്റെഫാനി ഫ്രപ്പാർട്ട് പുരുഷ ലോകകപ്പിലെ ആദ്യ വനിതാ ഒഫീഷ്യലെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു.ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെയും ചാമ്പ്യൻസ് ലീഗിലെയും ആദ്യ വനിതാ റഫറി എന്ന ബഹുമതിയും ഈ 38 കാരിയുടെ പേരിൽ തന്നെ.

റുവാണ്ടയുടെ സലീമ മുകൻസംഘ, ജപ്പാന്‍റെ യംഷിത യോഷ്മി, അമേരിക്കയുടെ കാതറീൻ നെസ്ബിറ്റ് എന്നിവരും ലോകകപ്പിനുള്ള 129 അംഗ റഫറി സംഘത്തിൽ ഉൾപ്പെടുന്നു.