ഒടുവിൽ നിയമപോരാട്ടം വിജയം: ട്രാന്‍സ്മാനായി തന്നെ പറക്കാന്‍ ആദം

കോഴിക്കോട്: ആകാശം കീഴടക്കി ഉയരങ്ങളിലേക്ക് പറന്നുയരാന്‍ കൊതിച്ച, കേരളത്തില്‍നിന്നുള്ള ട്രാന്‍സ്മാനായ ആദം ഹാരിക്ക് ഒടുവിൽ നിയമപോരാട്ടത്തിൽ വിജയം. ട്രാന്‍സ്ജെന്‍ഡര്‍ പൈലറ്റുമാര്‍ക്കായി ഡി.ജി.സി.എ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ആദം തന്നെയാണ് ഇതുസംബന്ധിച്ച വവരം പുറത്തുവിട്ടത്. ഉത്തരവ് സംബന്ധിച്ച് ചില വ്യക്തത ആവശ്യമുണ്ടെങ്കിലും ഇതൊരു ചരിത്ര മുഹൂര്‍ത്തമാണെന്ന് ആദം പ്രതികരിച്ചു. ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ പ്രൈവറ്റ് പൈലറ്റ് ലൈസന്‍സുളള രാജ്യത്തെ ആദ്യ ട്രാന്‍സ്മാനാണ് തൃശ്ശൂര്‍ സ്വദേശിയായ ആദം ഹാരി. ആദമിന് വ്യോമയാന ഡയറക്ടറേറ്റ് സ്റ്റുഡന്റ് പൈലറ്റാവാനുള്ള ലൈസന്‍സ് നേരത്തെ നിഷേധിച്ചിരുന്നു.

ഇതിനെതിരെ ആദം നിയമ പോരാട്ടത്തിലായിരുന്നു. വിഷയത്തില്‍ ട്രാന്‍സ് കമ്യൂണിറ്റിക്ക് അനുകൂലമായ ഒരു ഉത്തരവാണ് നിലവിൽ പുറത്തുവരുന്നത്. നിയമപോരാട്ടത്തില്‍ തന്നോടൊപ്പം ഉണ്ടായിരുന്ന എ.എ. റഹീം എം.പിക്കും അമൃത റഹീമിനും പ്രത്യേകം നന്ദി അറിയിക്കുന്നതായും ആദം അറിയിച്ചു. ആദമിന് സ്റ്റുഡന്റ് പൈലറ്റ് ലൈസന്‍സ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് എ.എ. റഹീം വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചിരുന്നു.