5233 പേർക്ക് കോവിഡ്; രാജ്യത്തെ കോവിഡ് കുതിപ്പ് 41%

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 5233 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തേക്കാൾ 41 ശതമാനം കൂടുതൽ പേർക്കാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ കേസുകൾ വർദ്ധിക്കുന്നത് ആശങ്കാജനകമാണ്.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.67 ശതമാനമാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.12 ശതമാനമാണ്. 4,26,36,710 പേർ രോഗമുക്തി നേടിയപ്പോൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,345 പേർ രോഗമുക്തി നേടി. ആകെ 85.35 കോടി പരിശോധനകളാണ് നടത്തിയത്. ഇതിൽ 3,13,361 പരിശോധനകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്.

മഹാരാഷ്ട്രയിൽ മാത്രം ഇന്നലെ 1,881 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഫെബ്രുവരി 18 ൻ ശേഷം സംസ്ഥാനത്ത് 81 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. വൈറസിൻറെ ബിഎ5 വകഭേദത്തിൻറെ ഒരു കേസ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുംബൈയിൽ മാത്രം 1242 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇത് തിങ്കളാഴ്ചയുടെ ഇരട്ടിയാണ്.