നെല്ലിലെ കീടങ്ങളെ ചെറുക്കാൻ ഇനിമുതൽ സൗരോർജ വിളക്കുകൾ; കർഷകർക്കനുഗ്രഹം
കണ്ണൂര്‍: നെല്ലിലെ കീടനിയന്ത്രണത്തിന് ഇനി മുതൽ സൗരോർജ വിളക്ക് കെണികളും പ്രചാരത്തിൽ വരും. മുഞ്ഞ,തണ്ടുതുരപ്പൻ, ഓലചുരുട്ടിപുഴു, കുഴൽപുഴു തുടങ്ങി നെൽച്ചെടികളെ ബാധിക്കുന്ന ഒട്ടുമിക്ക കീടങ്ങൾക്കെതിരെയും വിളക്കുകെണി ഉപകാരപ്രദമാണെന്ന് പരീക്ഷണങ്ങൾക്ക് ശേഷം കണ്ടെത്തി.
‘നിക്ര’ പദ്ധതിയുടെ ഭാഗമായി കട്ടക്കിലെ നെല്ലുഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത പരിസ്ഥിതി സൗഹാർദ്ദ രീതി കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രം മുൻകൈ എടുത്ത് ചെങ്ങളായി പഞ്ചായത്തിലെ മുങ്ങം നെൽ വയലുകളിലാണ് പരീക്ഷിച്ചത്.
രണ്ട് ഹെക്ടർ പാടശേഖരങ്ങളിലായി ആറ് കെണികൾ സ്ഥാപിച്ചു. സൗരോർജത്തിൽ പ്രവർത്തിക്കുന്ന ബൾബ്, പശ തേച്ച പ്ലാസ്റ്റിക് ബോർഡ് തുടങ്ങിയവയാണ് കെണിയുടെ പ്രധാന ഭാഗങ്ങൾ. വിളക്ക് തെളിയുമ്പോൾ പ്രകാശത്തിലേക്ക് ആകർഷിക്കപ്പെടുന്ന കീടങ്ങൾ കൂട്ടമായി പശയിൽ ഒട്ടിപിടിച്ചു നശിക്കുന്നു. ബോർഡിൽ കീടങ്ങൾ നിറഞ്ഞു കഴിഞ്ഞാൽ വെളിച്ചെണ്ണ ഉപയോഗിച്ച് പശ നീക്കം ചെയ്ത ശേഷം പുതിയ പശ തേച്ചുപിടിപ്പിച്ചാണ് വീണ്ടും കെണി ഒരുക്കേണ്ടത്.